ഷാർലെറ്റ്ടൗൺ : അറ്റ്ലാൻ്റിക് കാനഡയിൽ ആദ്യമായി പ്രിൻസ് എഡ്വേഡ് ഐലൻഡ് സ്വദേശിക്കെതിരെ തീവ്രവാദ കുറ്റം ചുമത്തിയതായി ആർസിഎംപി റിപ്പോർട്ട് ചെയ്തു. 3D-പ്രിൻ്റർ ഉപയോഗിച്ച് തോക്കുകൾ നിർമ്മിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിൽ 50 വയസ്സുള്ള നോർത്ത് റസ്റ്റികോ സ്വദേശി ഡാനിയേൽ ഡെസ്മണ്ട് ക്രൗഡറെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ വർഷം ആദ്യം ആരംഭിച്ച അന്വേഷണത്തെ തുടർന്നാണ് ഇയാൾക്കെതിരെ കുറ്റം ചുമത്തിയത്. നിരവധി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ഓൺലൈൻ വഴി ഭീഷണി സന്ദേശം ലഭിച്ചതായി ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചതായി ആർസിഎംപി പറയുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ ഡാനിയേൽ ഡെസ്മണ്ട് ക്രൗഡറെ അറസ്റ്റ് ചെയ്യുകയും വീട്ടിൽ നിന്നും തോക്കിന്‍റെ ഭാഗങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ആയുധങ്ങൾ കൈവശം വെച്ചും, തോക്കുകളും മറ്റ് ഘടകങ്ങളും നിർമ്മിച്ചും തീവ്രവാദ പ്രവർത്തനങ്ങളെ ബോധപൂർവ്വം സഹായിക്കാൻ ശ്രമിച്ചു എന്ന കുറ്റമാണ് പ്രധാനമായും ഇയാൾക്കെതിരെ ചുമത്തിയത്. ആയുധങ്ങൾ, 3D-പ്രിൻ്റിങ് ഉപകരണങ്ങൾ, ടയർ പഞ്ചർ ചെയ്യുന്ന ഉപകരണങ്ങൾ, AR-15 പോലുള്ള തോക്കുകൾ നിർമ്മിക്കുന്നതിനുള്ള രേഖകൾ എന്നിവ തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാമെന്ന ഉദ്ദേശ്യത്തോടെ കൈവശം വെച്ചു എന്ന കുറ്റവും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
