എഡ്മിന്‍റൻ : പുതുവർഷത്തിൽ നഗരത്തിലെ പ്രോപ്പർട്ടി ടാക്സ് 6.4% ആയി വർധിപ്പിക്കുമെന്ന് എഡ്മിന്‍റൻ സിറ്റി അറിയിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് അവതരിപ്പിച്ച സിറ്റി ബജറ്റിലാണ് ഈ പ്രഖ്യാപനം. ഉയരുന്ന പണപ്പെരുപ്പം കാരണം ലക്ഷക്കണക്കിന് ഡോളർ അധിക ചിലവ് വരുന്നതോടെ പ്രോപ്പർട്ടി ടാക്സ് വർധനയല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഇല്ലെന്ന് സിറ്റി കൗൺസിൽ പറയുന്നു. അതേസമയം പ്രോപ്പർട്ടി ടാക്സ് വർധിപ്പിക്കുന്നതിലൂടെ ഏകദേശം രണ്ടു കോടി മുപ്പത് ലക്ഷം ഡോളർ അധിക വരുമാനം നേടാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബജറ്റിൽ മൃഗസംരക്ഷണം, സ്പ്രിങ് സ്ട്രീറ്റ് ശുചീകരണം, അറ്റകുറ്റപ്പണികൾ എന്നിവയ്ക്കായി കൂടുതൽ ചിലവ് വരുന്നതിനാൽ ഇവയ്ക്കായി ഒരു കോടി മുപ്പത് ലക്ഷം ഡോളർ മാറ്റിവയ്ക്കുമെന്നും ഡെപ്യൂട്ടി സിറ്റി മാനേജരും സിഎഫ്‌ഒയുമായ സ്റ്റേസി പാഡ്ബറി പറഞ്ഞു. ആർഗിൽ പാർക്ക് വെലോഡ്രോം പൊളിച്ചുമാറ്റൽ, റോസ്‌ഡെയ്ൽ പവർ പ്ലാൻ്റിന്‍റെ മേൽക്കൂര മാറ്റിസ്ഥാപിക്കൽ, പുതിയ സ്‌കൂളുകൾക്കായി ഭൂമി ഒരുക്കൽ എന്നിവയുൾപ്പെടെ പദ്ധതികൾക്കായി രണ്ടു കോടി 40 ലക്ഷം ഡോളർ വകയിരുത്തിയിട്ടുണ്ട്.
നവംബർ 25 ന് കൗൺസിലിൽ റിപ്പോർട്ടുകൾ അവതരിപ്പിക്കും. ഡിസംബർ 1 മുതൽ 4 വരെ നടക്കുന്ന ചർച്ചയിൽ ബജറ്റിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തണോ വേണ്ടയോ എന്ന് കൗൺസിൽ തീരുമാനിക്കും.
