നയാഗ്രാ ഫോൾസ് : പ്രകാശത്തിന്‍റെയും വർണ്ണത്തിന്‍റെയും ഉത്സവമാക്കി, ശാന്തമായ ശൈത്യകാലത്തെ പ്രകാശപൂരിതമാക്കാൻ നയാഗ്രാ ഫോൾസിൽ 43-ാമത് വിന്‍റർ ഫെസ്റ്റിവൽ ഓഫ് ലൈറ്റ്‌സിന് തുടക്കമായി. നവംബർ 15-ന് ആരംഭിച്ച ഈ വർണ്ണാഭമായ ദീപക്കാഴ്ച ജനുവരി 4 വരെ തുടരും. നയാഗ്രയുടെ രാത്രികളെ മനോഹരമാക്കുന്ന ഈ ഫെസ്റ്റിവൽ ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെയാണ് ആകർഷിക്കുന്നത്.

കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന നിരവധി കാഴ്ചകളാണ് ഇത്തവണ ഫെസ്റ്റിവലിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. ദശലക്ഷക്കണക്കിന് എൽ.ഇ.ഡി ലൈറ്റുകൾ ഉപയോഗിച്ചുള്ള അലങ്കാരമാണ് ഇത്തവണത്തെ പ്രത്യേകത. എട്ടു കിലോമീറ്ററിലധികം ദൂരത്തിൽ നയാഗ്രാ പാർക്സ്, ഫോൾസ് എന്നിവയുടെ ചുറ്റും ഈ ദീപാലങ്കാരം കാണാം. കൂടാതെ, വാരാന്ത്യങ്ങളിൽ പ്രത്യേക വെടിക്കെട്ടുകളും ലേസർ ഷോ അടക്കമുള്ള മറ്റു കലാപരിപാടികളും ഉണ്ടാകും. വിന്‍റർ ഫെസ്റ്റിവൽ ഓഫ് ലൈറ്റ്‌സ് കാണുന്നതിന് പ്രവേശന ഫീസ് ഇല്ല എന്നതും ശ്രദ്ധേയമാണ്.
