വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ സെൻട്രൽ കോസ്റ്റ് കമ്മ്യൂണിറ്റിയിലെ ബെല്ല കൂളയിലെ, എലിമെന്‍ററി സ്കൂളിൽ കരടിയുടെ ആക്രമണം. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ നടന്ന ആക്രമണത്തിൽ നിരവധി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പരുക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. ഗ്രിസ്ലി കരടിയുടെ ആക്രമണം നടന്ന സ്ഥലത്ത് ഏഴ് പേർക്ക് കൂടി ചികിത്സ നൽകിയതായി ബി.സി. എമർജൻസി ഹെൽത്ത് സർവീസസ് അറിയിച്ചു. നക്സൽക്ക് ഫസ്റ്റ് നേഷന്‍റെ ഉടമസ്ഥതയിലുള്ള അക്വാസ്ൽക്റ്റ സ്കൂളിലാണ് ആക്രമണമുണ്ടായത്. കരടിയുടെ ആക്രമണത്തെ തുടർന്ന് വെള്ളിയാഴ്ച സ്കൂൾ അടച്ചിടുമെന്ന് അക്വാസ്ൽക്റ്റ സ്കൂൾ ബോർഡ് അറിയിച്ചു.

വനപ്രദേശത്തും നദീതീരത്തും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കരടികളെ കണ്ടാൽ അടുത്തുപോകരുതെന്നും അധികൃതർ നിർദ്ദേശിച്ചു. വൻകൂവറിൽ നിന്നും ഏകദേശം 700 കിലോമീറ്റർ അകലെയാണ് ബെല്ല കൂള കമ്മ്യൂണിറ്റി സ്ഥിതി ചെയ്യുന്നത്.
