ഓട്ടവ: കാനഡയിലെ സാമൂഹിക- സാംസ്‌കാരിക -രാഷ്ട്രീയ രംഗങ്ങളിൽ തിളങ്ങി നിൽക്കുന്ന കനേഡിയൻ മലയാളി ബിജു ജോർജ് ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു. ഇന്ത്യൻ അസോസിയേഷന്റെ മുൻ പ്രസിഡന്റുകൂടിയായ അദ്ദേഹത്തെ ‘തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത എം.പി’ എന്നാണ് കാനഡയിൽ ഉടനീളം അറിയപ്പെടുന്നത്. കാനഡയുടെ രാഷ്ട്രീയ രംഗങ്ങളിൽ അത്രത്തോളം സ്വാധീനമുള്ള അദ്ദേഹം മത്സരത്തിനിറങ്ങുമ്പോൾ ഏറെ പ്രതീക്ഷകളോടെയാണ് മലയാളികൾ നോക്കിക്കാണുന്നത്.ബിജു ജോർജിന്റെ നേതൃത്വത്തിലാണ് കാനഡ പാർലമെന്റിൽ മലയാളികളുടെ ഉത്സവമായ ‘ഓണം’ ഗംഭീരമായി ആഘോഷിക്കുന്നത്. കാനഡയിലെ പ്രമുഖരും മന്ത്രിമാരും പാർലമെന്റ് അംഗങ്ങൾ ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കൾ കക്ഷി രാഷ്ട്രീയ ഭേദമന്യേ ഓണത്തിന് സാക്ഷിയാകാൻ എത്തുന്നത് മലയാളികൾക്ക് ഏറെ അംഗീകാരവും അഭിമാനവും പകരുന്ന നിമിഷങ്ങളാണ്. കേരളത്തിലെ അതേ ചിട്ടവട്ടങ്ങളോടെ, ഒന്നിനും ഒരു കുറവുമില്ലാതെയാണ് ഓണാഘോഷം ഇവിടെ ആഘോഷിക്കുന്നത്. ഇതിന് ചുക്കാൻ പിടിക്കുന്നതും ബിജു ജോർജ് തന്നെ.

മലയാളി സമൂഹത്തിൽ നിന്ന് പലരും കാനഡയുടെ രാഷ്ട്രീയ രംഗത്ത് ആത്മവിശ്വാസത്തോടെ കടന്നുവരുന്നുണ്ടെന്നും ഇനിയും കൂടുതൽ ആളുകളെ കാനഡയുടെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുവാൻ ബിജു ജോർജിന് കഴിയും എന്ന് ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥി ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു. പത്തനംതിട്ട ഓമല്ലൂർ സ്വദേശിയായ ബിജു ജോർജ് മികച്ച എഴുത്തുകാരനും കവിയും കൂടിയാണ്. റസ്റ്ററൻ്റ് ബിസിനസിലും, റിയൽ എസ്റ്റേറ്റ് രംഗത്തും പ്രവർത്തിച്ചുവരുന്ന അദ്ദേഹം നിരവധി സിനിമകളും നിർമ്മിച്ചിട്ടുണ്ട്. കുട്ടിക്കാലം മുതൽ രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം 18-ാം വയസിലാണ് വിദേശത്ത് എത്തുന്നത്. ഭാര്യ ബീനയും, ഏക മകൾ അനിതയും ആയി ഓട്ടവയിലാണ് താമസം. ഇപ്പോൾ ബിജു ജോർജ് ഫൊക്കാന പൊളിറ്റിക്കൽ ഫോറം വൈസ് ചെയർപേഴ്‌സൻ ആണ്. ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥി ലീലാ മാരേട്ട് ടീമിലാണ് മത്സരിക്കുന്നത്.
