ബ്രസീലിയ: ബ്രസീൽ മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോ അറസ്റ്റിൽ. 2025 സെപ്റ്റംബറിൽ സുപ്രീം കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കേസിൽ 27 വർഷത്തെ തടവ് അനുഭവിക്കാനിരിക്കെയാണ് ഈ നടപടി. 2022-ലെ തിരഞ്ഞെടുപ്പിൽ ലുല ഡ സിൽവയോട് പരാജയപ്പെട്ടതിന് ശേഷം അധികാരത്തിൽ തുടരാൻ ബോൾസോനാരോ ശ്രമിച്ചിരുന്നു. കോടതി അന്വേഷണത്തിൽ അദ്ദേഹം സൈന്യവും അനുയായികളുമായി ചേർന്ന് സൈനിക അട്ടിമറിക്ക് ഗൂഢാലോചന നടത്തിയതായി കണ്ടെത്തി. കൂടാതെ അദ്ദേഹത്തിന്റെ അനുയായികൾ പാർലമെന്റ് ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു.

അട്ടിമറി, ഗൂഢാലോചന, ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമങ്ങൾ, അക്രമത്തിന് പ്രേരിപ്പിക്കൽ, ക്രിമിനൽ ശൃംഖലയെ നയിക്കൽ ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് ബോൾസോനാരോയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ആക്രമണത്തെത്തുടർന്ന് 1,500-ലധികം പേരെ അറസ്റ്റ് ചെയ്തിരുന്നു. ബോൾസോനാരോയുടെ ഗൂഢാലോചനയുടെ ഭാഗമായാണ് നടന്ന അക്രമാസക്തമായ സംഭവങ്ങളെ കോടതി വിലയിരുത്തിയത്. 2026-ലെ തിരഞ്ഞെടുപ്പിന് മുമ്പ് ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടത്തിന് ഈ വിധി തീവ്രത കൂട്ടുമെന്നാണ് കണ്ടെത്തൽ.
