കാല്‍ഗറി: ഒഴിഞ്ഞുകിടക്കുന്ന ഓഫീസ് കെട്ടിടങ്ങള്‍ ഭവനങ്ങളാക്കി മാറ്റാനുള്ള കാല്‍ഗറി സിറ്റിയുടെ പദ്ധതിയില്‍ ഒമ്പത് പുതിയ പ്രോജക്റ്റുകളുടെ വിശദാംശങ്ങള്‍ കൂടി പുറത്തുവിട്ടു. ഇതോടെ, ഈ പദ്ധതിയുടെ ഭാഗമായി ആകെ 21 കെട്ടിടങ്ങളാണ് ഭവനനിര്‍മ്മാണത്തിനായി പരിവര്‍ത്തനം ചെയ്യുന്നത്. പുതിയ ഒമ്പത് പ്രോജക്റ്റുകളിലൂടെ ആയിരത്തോളം പുതിയ വീടുകള്‍ ഉണ്ടാക്കാനാകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഈ വര്‍ഷം ആദ്യം പത്ത് പുതിയ പ്രോജക്റ്റുകള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു.
പുതിയ ഒമ്പത് പ്രോജക്റ്റുകളില്‍ എട്ടെണ്ണവും ഡൗണ്‍ടൗണ്‍ കോര്‍, വെസ്റ്റ് എന്‍ഡ്, ബെല്‍റ്റ്ലൈന്‍ എന്നിവിടങ്ങളിലാണ്. ശേഷിക്കുന്ന ഒരു കെട്ടിടം ഹോസ്റ്റലായിരിക്കും. പദ്ധതിയുടെ ഭാഗമായി നിലവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു പ്രമുഖ പ്രോജക്റ്റാണ് മുന്‍ ട്രാന്‍സാല്‍റ്റ ആസ്ഥാനം. 12th അവന്യൂവിലുള്ള ട്രാന്‍സാല്‍റ്റ ടവറിനെ 153 റെസിഡന്‍ഷ്യല്‍ യൂണിറ്റുകളാക്കി മാറ്റും. ഇതിനു പുറമെ, ഇതിന് എതിര്‍വശത്തായി പുതിയൊരു ടവര്‍ കൂടി നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്. ഇത് പൂര്‍ത്തിയാകുമ്പോള്‍ ആകെ 488 വീടുകള്‍ ഇവിടെ ഉണ്ടാകും.

ഒഴിഞ്ഞുകിടക്കുന്ന ഓഫീസ് ഇടങ്ങള്‍ റെസിഡന്‍ഷ്യല്‍, ഹോസ്പിറ്റാലിറ്റി യൂണിറ്റുകളാക്കി മാറ്റുന്നതിന് കെട്ടിട ഉടമകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന സിറ്റിയുടെ ഡൗണ്‍ടൗണ്‍ കാല്‍ഗറി ഡെവലപ്മെന്റ് ഇന്‍സെന്റീവ് പ്രോഗ്രാമിന്റെ കീഴിലാണ് ഈ പദ്ധതികളെല്ലാം നടപ്പിലാക്കുന്നത്. ഇതുവരെ ഈ പദ്ധതിയിലൂടെ ആറ് കെട്ടിടങ്ങളുടെ പരിവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ട്. ആകെ 21 പ്രോജക്റ്റുകളിലായി മൂന്ന് മില്യണ്‍ ചതുരശ്രയടി സ്ഥലം വാണിജ്യ വിപണിയില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ഏകദേശം 3,000 വീടുകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും.
2014-ലെ എണ്ണ വിപണി തകര്‍ച്ചക്ക് ശേഷം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഓഫീസ് ഒഴിവ് നിരക്കുകളിലൊന്നാണ് കാല്‍ഗറിയിലുള്ളത്. 2025-ലെ മൂന്നാം പാദം വരെയുള്ള കണക്കുകള്‍ പ്രകാരം, നഗരത്തിലെ ഓഫീസ് സ്ഥലത്തിന്റെ 30 ശതമാനവും ഒഴിഞ്ഞുകിടക്കുകയാണ്. 2031-ഓടെ ഈ ഒഴിവ് നിരക്ക് 20 ശതമാനമായി കുറയ്ക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
