ഓട്ടവ : കാനഡയിലുടനീളം ഈ ക്രിസ്മസ്-പുതുവത്സര സീസൺ മുഴുവൻ മെയിൽ, ഡെലിവറി സർവീസ് തടസ്സമില്ലാതെ നടക്കും. രണ്ട് വർഷത്തിലേറെ നീണ്ട ചർച്ചകൾക്ക് ശേഷം, പോസ്റ്റൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയനുമായി കരാറിലെത്തിയതായി കാനഡ പോസ്റ്റ് അറിയിച്ചു. പണിമുടക്ക് താൽക്കാലികമായി നിർത്തുമെന്ന് കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്‌സും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇരുപക്ഷവും കരാറുകളുടെ വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. എന്നാൽ, പ്രധാന തർക്ക വിഷയങ്ങളിൽ ഇരുപക്ഷവും യോജിപ്പിലെത്തിയതായും, ഇതേത്തുടർന്ന് യൂണിയൻ നടത്തിവന്ന റൊട്ടേറ്റിംഗ് സ്ട്രൈക്ക് ഉൾപ്പെടെയുള്ള എല്ലാ സമരപരിപാടികളും താൽക്കാലികമായി നിർത്തിവച്ചതായും CUPW വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി വേതന വർധന, തപാൽ സേവനത്തിലെ ഘടനാപരമായ മാറ്റങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങളും തമ്മിൽ തർക്കം നിലനിന്നിരുന്നു. കൂടുതൽ പാർട്ട് ടൈം ജീവനക്കാരെ ഉൾപ്പെടുത്താനുള്ള നിർദ്ദേശങ്ങളും ആഴ്ചയിൽ ഏഴ് ദിവസത്തെ ഡെലിവറി സർവീസും തർക്കവിഷയങ്ങളിൽ ഉൾപ്പെടുന്നു. ഇതോടെ കഴിഞ്ഞ വർഷത്തെ അവധി ദിവസങ്ങൾക്ക് മുന്നോടിയായി നടന്ന പണിമുടക്ക് ഉൾപ്പെടെ നിരവധി തവണ തപാൽ ജീവനക്കാർ സമരമുഖത്ത് എത്തി.

അതേസമയം വെള്ളിയാഴ്ച ക്രൗൺ കോർപ്പറേഷൻ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ത്രൈമാസ നഷ്ടം റിപ്പോർട്ട് ചെയ്ത അതേ ദിവസമാണ് പ്രഖ്യാപനം വരുന്നത്. 100 കോടി ഡോളറിന്‍റെ ഫെഡറൽ വായ്പയുമായി പുതുവർഷം ആരംഭിച്ചതിന് ശേഷം, ക്രൗൺ കോർപ്പറേഷൻ ഈ വർഷത്തിന്റെ മൂന്നാം പാദത്തിൽ (ജൂലൈ മുതൽ സെപ്റ്റംബർ വരെ) 54.1 കോടി ഡോളറിന്റെ നഷ്ടം രേഖപ്പെടുത്തി. ഇത് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ത്രൈമാസ നഷ്ടമാണ്. ഇതോടെ, 2025-ലെ ആദ്യ ഒൻപത് മാസങ്ങളിലെ മൊത്തം പ്രവർത്തന നഷ്ടം 100 കോടി ഡോളർ കവിഞ്ഞു. കാനഡ പോസ്റ്റ് നിലവിൽ ‘പാപ്പരാണെ’ന്നും (effectively insolvent) ഈ വർഷം ഏറ്റവും വലിയ വാർഷിക നഷ്ടത്തിലേക്ക് പോകുമെന്നും ചീഫ് ഫിനാൻഷ്യൽ ഓഫീസർ വെള്ളിയാഴ്ച അറിയിച്ചു.
