ഓട്ടവ: മൂന്ന് കൊലപാതക കേസുകളിൽ ശിക്ഷിക്കപ്പെട്ട കുപ്രസിദ്ധ കൊലയാളി ട്രിപ്പിൾ കില്ലർ ഡെല്ലൻ മില്ലാർഡിനെ അതീവസുരക്ഷാ ജയിലിൽ നിന്ന് ഇടത്തരം സുരക്ഷാ ജയിലിലേക്ക് മാറ്റിയതിൽ വിവാദം. കാനഡ കറക്ഷണൽ സർവീസസിന്റെ (CSC) ഈ തീരുമാനത്തിനെതിരെ ഇരകളിൽ ഒരാളായ ടിം ബോസ്മയുടെ കുടുംബം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. 2013 മെയ് മാസത്തിൽ, ഹാമിൽട്ടൺ സ്വദേശിയായ ടിം ബോസ്മയെ കൊലപ്പെടുത്തിയ സംഭവത്തിലാണ് 32 വയസ്സുകാരനായ മില്ലാർഡിനെ ആദ്യം കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ബോസ്മയുടെ പിക്കപ്പ് ട്രക്ക് വാങ്ങാനെന്ന വ്യാജേന എത്തിയാണ് മില്ലാർഡും മാർക്ക് സ്മിച്ചും ചേർന്ന് കൊലപാതകം നടത്തിയത്. മില്ലാർഡിന്റെ ഉടമസ്ഥതയിലുള്ള എലിമിനേറ്റർ എന്ന മൃഗങ്ങളെ ദഹിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകര ണത്തിൽ ബോസ്മയുടെ മൃതദേഹം കത്തിച്ചുകളഞ്ഞതായും വിചാരണയിൽ തെളിഞ്ഞു. കൂടാതെ, 2012-ൽ 23 കാരിയായ ലോറ ബാബ്‌കോക്കിനെ കൊലപ്പെടുത്തി മൃതദേഹം ദഹിപ്പിച്ച കേസിലും 2017-ൽ മില്ലാർഡ് ശിക്ഷിക്കപ്പെട്ടു. 2018-ൽ, ഏവിയേഷൻ എക്സിക്യൂട്ടീവായ സ്വന്തം പിതാവ് വെയ്ൻ മില്ലാർഡിന്റെ കൊലപാതകത്തിനും ഇയാൾക്ക് ശിക്ഷ ലഭിച്ചു. ഇത് ആത്മഹത്യയാണെന്നായിരുന്നു ആദ്യനിഗമനമെങ്കിലും പിന്നീട് കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു

75 വർഷം നീളുന്ന തുടർച്ചയായ മൂന്ന് ജീവപര്യന്തം തടവാണ് ഡെല്ലൻ മില്ലാർഡിന് ലഭിച്ചത്. ഈ ജയിൽ ശിക്ഷ അനുഭവിച്ചാൽ മാത്രമേ പരോളിന് പോലും അനുവദിക്കാൻ കഴിയൂ. കനേഡിയൻ നീതിന്യായ വ്യവസ്ഥയിലെ ഏറ്റവും ദൈർഘ്യമേറിയ ശിക്ഷാകാലാവധിയാണിത്. മില്ലാർഡിനെ സുരക്ഷ കുറവുള്ള ജയിലിലേക്ക് മാറ്റിയെന്ന വാർത്തയിൽ ടിം ബോസ്മയുടെ വിധവയായ ഷാർലീനും മാതാപിതാക്കളായ ഹാങ്കും മേരിയും നടുക്കം രേഖപ്പെടുത്തി. തങ്ങളടെ കുടുംബങ്ങൾ നൽകിയ ഫീഡ്‌ബാക്ക് അധികൃതർ അവഗണിച്ചതായും നീതിന്യായ വ്യവസ്ഥയിലും ശിക്ഷാ വ്യവസ്ഥയിലും വരുത്തിയ മാറ്റങ്ങളിൽ തങ്ങൾ തീർത്തും നിരാശരാണെന്നും കുടുംബം പ്രതികരിച്ചു. അതേ സമയം കുറ്റവാളിയുടെ വിവരങ്ങൾ പങ്കുവെക്കുന്നതിന് പരിമിതിയുണ്ടെന്ന് കാനഡയിലെ കറക്ഷണൽ സർവീസ് (CSC) അറിയിച്ചു. പൊതുസുരക്ഷ ഉറപ്പാക്കാൻ ആവശ്യമെന്ന് തോന്നിയാൽ ഏത് സമയത്തും തടവുകാരനെ അതീവ സുരക്ഷയിലേക്ക് തിരികെ മാറ്റാമെന്നും അധികൃതർ പറഞ്ഞു.
