കഴിഞ്ഞ ദിവസങ്ങളിലെ കനത്ത ഇടിവില്‍നിന്ന് യുഎസ് ഓഹരി വിപണി ശക്തമായി തിരിച്ചുകയറി. നിര്‍മിത ബുദ്ധി (എഐ) അധിഷ്ഠിത ഓഹരികളിലെ വന്‍ തകര്‍ച്ചയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം 1.5 ട്രില്യണ്‍ ഡോളറിന്റെ (ഏകദേശം 135 ലക്ഷം കോടി ഇന്ത്യന്‍ രൂപ) നഷ്ടം നേരിട്ട യുഎസ് നിക്ഷേപകര്‍ക്ക് ആശ്വാസമായി, സൂചികകള്‍ നഷ്ടം ഏറക്കുറെ നികത്തി മുന്നേറ്റം നടത്തി.
ഫെഡ് പലിശഭാരം കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ വിപണിക്ക് ഊര്‍ജ്ജം പകര്‍ന്നു. ഡൗ ജോണ്‍സ് സൂചിക 493.15 പോയിന്റ് (+1.08%) ഉയര്‍ന്നു. എസ് ആന്‍ഡ് പി500 സൂചിക 0.98% ഉം നാസ്ഡാക് 0.88% ഉം നേട്ടം കൈവരിച്ച് വ്യാപാരം പൂര്‍ത്തിയാക്കി. എന്നാല്‍, ഈ മുന്നേറ്റത്തിനിടയിലും പലിശ നിരക്കിന്റെ കാര്യത്തില്‍ വ്യക്തത വരാത്തത് വിപണിയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. പലിശനിരക്കിന്റെ ദിശ സംബന്ധിച്ച് കണ്ഫ്യൂഷന് തുടരുന്നതിനിടെ, യുഎസ് ഡോളര്‍ ശക്തമായ മുന്നേറ്റം തുടരുകയാണ്. യൂറോ, യെന്‍, പൗണ്ട് ഉള്‍പ്പെടെ ലോകത്തെ 6 പ്രധാന കറന്‍സികള്‍ക്കെതിരായ യുഎസ് ഡോളര്‍ ഇന്‍ഡക്സ് 100ന് മുകളിലെത്തി.

ഡോളറിന്റെ ഈ കുതിപ്പും ആഗോള ഓഹരി വിപണികളിലെ ചാഞ്ചാട്ടവും ഇന്ത്യന്‍ രൂപയെ എക്കാലത്തെയും വലിയ തകര്‍ച്ചയിലെത്തിച്ചു. ഡോളറിനെതിരെ ആദ്യമായി 89 കടന്ന രൂപ, 89.61 എന്ന സര്‍വകാല താഴ്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ത്യന്‍ ഓഹരി വിപണികളായ സെന്‍സെക്സും നിഫ്റ്റിയും ഇന്നലെ നഷ്ടത്തിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. സെന്‍സെക്സ് 400 പോയിന്റ് (-0.47%) താഴ്ന്ന് 85,231ലും നിഫ്റ്റി 124 പോയിന്റ് (-0.47%) നഷ്ടവുമായി 26,068ലുമാണ് ക്ലോസ് ചെയ്തത്.
യുഎസിലും ഏഷ്യന്‍ വിപണികളിലും ആഞ്ഞടിച്ച ‘നിര്‍മിത ബുദ്ധി കുമിളപ്പേടി’ (എഐ ബബിള്‍) ക്രിപ്റ്റോകറന്‍സികളുടെ വിപണി മൂല്യത്തെയും ബാധിച്ചു. ലോകത്തെ ഏറ്റവും സ്വീകാര്യതയുള്ള ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്കോയിന്റെ വില 80,553 ഡോളറിലേക്ക് താഴ്ന്നു. 2022ന് ശേഷമുള്ള ഏറ്റവും മോശം വിലയാണിത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ 1.20 ലക്ഷം ഡോളര്‍ എന്ന റെക്കോര്‍ഡ് വിലയിലെത്തിയിരുന്നു ബിറ്റ്കോയിന്. സമീപകാലത്തെ ഈ ഇടിവുമൂലം ക്രിപ്റ്റോകറന്‍സികളുടെ ആകെ മൂല്യത്തില്‍നിന്ന് ഏകദേശം 1 ട്രില്യണ്‍ ഡോളറിന്റെ (ഏകദേശം 90 ലക്ഷം കോടി രൂപ) നഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്.
ഫെഡ് പലിശനിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ക്കും സാമ്പത്തിക കണക്കുകള്‍ക്കുമായി വിപണി ഉറ്റുനോക്കുകയാണ്. ഈ അനിശ്ചിതത്വം ആഗോളതലത്തില്‍, പ്രത്യേകിച്ച് ഡോളറിന്റെ മൂല്യത്തിലും ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്കിലും, ശക്തമായ സ്വാധീനം ചെലുത്തുന്നത് തുടരുമെന്നാണ് വിലയിരുത്തല്‍.
