Saturday, November 22, 2025

നൊമ്പരമായി തേജസ്‌ പൈലറ്റിൻ്റെ അവസാനനിമിഷങ്ങൾ; എയർഷോയ്‌ക്ക്‌ മുമ്പേ പുഞ്ചിരിച്ചു നിൽക്കുന്ന വീഡിയോ പുറത്തുവിട്ടു

ദുബായ്: ദുബായ് എയർഷോയിൽ ഇന്ത്യൻ വ്യോമസേനയുടെ തേജസ് പോർവിമാനം തകർന്ന് വീണ് വീരമൃത്യു വരിച്ച വിങ് കമാൻഡർ നമാൻഷ് സ്യാലിന്റെ അവസാന നിമിഷങ്ങളുടെ വീഡിയോ വേദനയാകുന്നു. എയർഷോ നടക്കുന്നതിന്‌ തൊട്ടുമുമ്പ്‌ സന്തോഷത്തോടെ ചിരിച്ചു നിൽക്കുന്ന നമാൻഷിൻ്റെ ദൃശ്യങ്ങളാണ്‌ കാണുന്നവർക്ക്‌ നൊമ്പരമാകുന്നത്‌. ‘ജീവിതം എത്ര പ്രവചനാതീതമാണ്! ദുബായ് എയർഷോയിൽ ആകാശത്തേക്ക് പറന്നുയരുന്നതിന് നിമിഷങ്ങൾക്ക് മുൻപ് വിങ് കമാൻഡർ നമാൻഷ് സ്യാൽ ചിരിക്കുന്നു. സമാധാനപരമായ ഒരു അന്ത്യയാത്ര നേരുന്നു സഹോദരാ’ എന്ന കുറിപ്പോടെയാണ്‌ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ ആളുകൾ ഏറ്റെടുത്തത്‌. ഹിമാചൽ പ്രദേശ് കാൻഗ്രാ ജില്ലയിലെ പാട്ടിയാൽക്കർ സ്വദേശിയായ വിങ് കമാൻഡർ നമാൻഷ് സ്യാൽ (34) പറത്തിയ തദ്ദേശീയമായി നിർമിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) തേജസാണ് ദുബായ് അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ നടന്ന എയർ ഷോയ്‌ക്കിടെ തകർന്നുവീണത്.

അപകടത്തിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേഥ്, യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തൽ എന്നിവരുൾപ്പെടെയുള്ള ഇന്ത്യൻ പ്രതിനിധി സംഘവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങളും കൂട്ടത്തിലുണ്ട്‌. ദൃശ്യങ്ങളും പുറത്തുവന്നു. രാജ്യത്തിന്റെ അഭിമാനമായി പറന്നുയരുന്നതിന്‌ തൊട്ടുമുമ്പുള്ള ഒരു സൈനികൻ്റെ സകല അഭിമാനവും ആ മുഖത്തുണ്ട്‌. മകന്റെ പ്രകടനം കാണാൻ കാത്തിരിക്കുകയായിരുന്നു ഐ.എ.എഫ് ഉദ്യോഗസ്ഥൻ കൂടിയായ പിതാവ് ജഗന്നാഥ് സ്യാൽ.

എയർ ഷോ പ്രകടനം ടിവിയിലോ യൂട്യൂബിലോ കാണാൻ നമാൻഷ് സ്യാൽ പിതാവിനോട്‌ ആവശ്യപ്പെട്ടിരുന്നു. അങ്ങനെ യൂട്യൂബിൽ തിരയുന്നതിനിടെയാണ് ദുരന്തവാർത്ത അറിഞ്ഞത്‌. മകന്‌ എന്തെങ്കിലും പറ്റിയതായി അപ്പോഴും സംശയിച്ചില്ല. എയർഫോഴ്സ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോഴാണ് തന്റെ മകന് അപകടം പറ്റിയതായി മനസിലായത്‌. സായുധ സേനയിൽ ചേരുന്നതിനായി 2009ൽ എൻ.ഡി.എ പരീക്ഷ പാസായ നമാൻഷ് സ്യാൽ മികച്ച വൈമാനികനായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും ഐഎഎഫ് ഓഫിസറാണ്. ആറ് വയസ്സുള്ള മകളുണ്ട്. അപകട കാരണം കണ്ടെത്താൻ ഇന്ത്യൻ എയർഫോഴ്സ് അന്വേഷണം നടത്തുകയാണ്‌.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!