റെജൈന : വിലക്കയറ്റവും പണപ്പെരുപ്പവും രൂക്ഷമായതോടെ, കൂടുതൽ വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ സൗജന്യമായി പോഷകാഹാരം നൽകാനൊരുങ്ങി സസ്‌കാച്വാൻ. നാഷണൽ സ്കൂൾ ഫുഡ് പ്രോഗ്രാം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ഫെഡറൽ-പ്രൊവിൻഷ്യൽ സർക്കാരുകൾ അറിയിച്ചു. പദ്ധതി ഇനിമുതൽ സ്ഥിരം പദ്ധതിയായി തുടരുമെന്ന് ലിബറൽ എംപി ബക്ക്ലി ബെലാൻജർ വ്യക്തമാക്കി.

ഈ വർഷം ആദ്യം കാനഡയും സസ്‌കാച്വാനും ചേർന്ന് മൂന്ന് വർഷത്തേക്ക് 1.58 കോടി ഡോളറിൻ്റെ കരാറിൽ ഒപ്പുവച്ചിരുന്നു. ഇതിലൂടെ ലഭിച്ച ഫെഡറൽ ഫണ്ടിൽ 64 ലക്ഷം ഡോളർ, 2025-26 അധ്യയന വർഷത്തേക്ക് പ്രവിശ്യ സ്കൂൾ ഡിവിഷനുകൾക്ക് സസ്‌കാച്വാൻ വിതരണം ചെയ്യും. സാസ്‌കറ്റൂണിലെ 30 പബ്ലിക് സ്കൂളുകളിൽ മാത്രം, ആവശ്യകതയുടെ അടിസ്ഥാനത്തിൽ ഈ വിപുലീകരണം വഴി സഹായം ലഭിക്കും. ഭക്ഷണം നൽകുന്നത് വഴി സ്കൂളുകളിൽ വിദ്യാർത്ഥികളുടെ ഹാജർ നില മെച്ചപ്പെടുത്താനും, എല്ലാവർക്കും ഒരേ ഭക്ഷണം ലഭിക്കുന്നതിനാൽ സമത്വം ഉറപ്പാക്കാനും കഴിയുമെന്ന് സാസ്‌കറ്റൂൺ പബ്ലിക് സ്കൂൾ ബോർഡ് ചെയർ കിം സ്ട്രാൻഡൻ പറഞ്ഞു. കൂടാതെ, ഭക്ഷണം ലഭിക്കുമ്പോൾ വിദ്യാർത്ഥികളുടെ പെരുമാറ്റം മെച്ചപ്പെടുന്നുണ്ടെന്നും പഠനത്തിൽ ശ്രദ്ധ കൂടുന്നുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ഈ ദേശീയ പദ്ധതി വഴി പ്രതിവർഷം 4 ലക്ഷം കുട്ടികൾക്ക് ഭക്ഷണം നൽകാൻ കഴിയുമെന്നാണ് ഫെഡറൽ സർക്കാരിന്റെ പ്രതീക്ഷ.
