മൺട്രിയോൾ : ഡോക്ടർമാരുടെ ശമ്പളം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കുന്ന പുതിയ നിയമത്തിനെതിരെ (ബിൽ 2) നിയമപോരാട്ടത്തിനൊരുങ്ങി കെബെക്കിലെ ഫാമിലി ഡോക്ടർമാരെ പ്രതിനിധീകരിക്കുന്ന ഫെഡറേഷൻ. വിഷയം ഉന്നയിച്ച് ഫെഡറേഷൻ ജുഡീഷ്യൽ റിവ്യൂ അപ്പീൽ ഫയൽ ചെയ്തു. നിയമത്തിന്റെ ഹിയറിങ് നടക്കുന്നതുവരെ, അത് നിർത്തിവയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഒക്ടോബർ 25 മുതൽ നിലവിലുള്ള ‘ബിൽ 2’, ഡോക്ടർമാരുടെ ശമ്പളം അവർ ചികിത്സിക്കുന്ന രോഗികളുടെ എണ്ണവുമായും അവരുടെ പ്രകടനവുമായും ബന്ധിപ്പിക്കുന്നതാണ്.

നിയമം നടപ്പിലാക്കിയതോടെ ചില ഡോക്ടർമാർ കെബെക്ക് വിടുകയോ, നേരത്തെ വിരമിക്കുകയോ, സ്വകാര്യ മേഖലയിലേക്ക് തിരിയുകയോ ചെയ്തതായി ഫെഡറേഷൻ പറയുന്നു. ഈ നിയമം ക്ലിനിക്കുകൾ അടച്ചുപൂട്ടാൻ കാരണമായേക്കുമെന്നും, ഇത് അത്യാവശ്യ ചികിത്സാ സൗകര്യങ്ങൾ പൊതുജനങ്ങൾക്ക് ലഭിക്കുന്നതിനെ അപകടത്തിലാക്കുമെന്നും ഫെഡറേഷൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകി. ഫാമിലി ഡോക്ടർമാരുടെ ഫെഡറേഷന് പുറമെ, മെഡിക്കൽ സ്പെഷ്യലിസ്റ്റുകളെയും റെസിഡന്റുമാരെയും പ്രതിനിധീകരിക്കുന്ന ഫെഡറേഷനുകളും ഫാർമസി ഉടമകളുടെ അസോസിയേഷനും ഈ നിയമത്തിനെതിരെ ഹർജികൾ ഫയൽ ചെയ്തിട്ടുണ്ട്.
