ന്യൂയോർക്ക്: ബൈജു രവീന്ദ്രൻ 100 കോടി ഡോളർ നൽകണമെന്ന് യു.എസ് പാപ്പരത്ത കോടതി. രേഖകൾ സമർപ്പിക്കുന്നതിൽ കാലതാമസം വരുത്തിയതാണ് ഡെൽവെയർ പാപ്പരത്ത കോടതി ജഡ്ജി ബ്രെണ്ടൻ ഷാനോൺ കർശന നടപടിയെടുക്കുന്നതിന് കാരണമായത്. രേഖകൾ സമർപ്പിക്കുന്നതിൽ ബൈജു രവീന്ദ്രൻ നിരന്തരമായി പരാജയപ്പെട്ടിരുന്നു. 2021ലാണ് ബൈജു ആൽഫ എന്ന പേരിൽ ബൈജു രവീന്ദ്രൻ യു.എസിൽ എസ്.പി.വി സ്ഥാപിക്കുന്നത്.100 കോടി ഡോളർ വായ്പ എടുക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. തുടർന്ന് 2022ൽ ബൈജു ആൽഫ കമ്പനി ഏകദേശം53,300 കോടി ഡോളർ അനധികൃതമായി കൈമാറിയെന്ന് കണ്ടെത്തിയിരുന്നു. ഈ ഇടപാടിന്റെ വിവരങ്ങൾ കോടതിയിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും വീഴ്‌ച വരുത്തുകയായിരുന്നു.

അതേസമയം, പാപ്പരത്ത നടപടി നേരിടുന്ന ബൈജുവിനെ ഏറ്റെടുക്കാൻ രഞ്ജൻ പൈയുടെ മണിപ്പാൽ എജുക്കേഷൻ ആൻഡ് മെഡിക്കൽ ഗ്രൂപ്പ് (എംഇഎംജി) മുന്നോട്ട് വന്നിരുന്നു. ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേണിന്റെ മുഴുവൻ ആസ്തികളും സ്വന്തമാക്കാനാണ് രഞ്ജൻ പൈയുടെ നീക്കം. മലയാളിയായ ബൈജു രവീന്ദ്രനും ഭാര്യ ദിവ്യാ ഗോകുൽനാഥും ചേർന്ന് 2011-ൽ ബെംഗളൂരു കേന്ദ്രമായി ആരംഭിച്ച ബൈജൂസിന്റെ മൂല്യം 2022-ൽ 2,200 കോടി ഡോളർ (അന്നത്തെ വിപണിമൂല്യം അനുസരിച്ച് ഏതാണ്ട് 1.83 ലക്ഷം കോടി രൂപ) വരെയായി ഉയർന്നിരുന്നു. എന്നാൽ, പിന്നീട് കമ്പനി കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്നു. ഇപ്പോൾ ഇന്ത്യയിലും ബൈജൂസ് പാപ്പരത്ത നടപടികളിലൂടെ നീങ്ങുകയാണ്.
