വാഷിങ്ടൺ: ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തെ ചൈന പുതിയ ആയുധങ്ങൾ പരീക്ഷിക്കാനുള്ള ‘ലൈവ് ടെസ്റ്റിംഗ് ഗ്രൗണ്ട്’ ആയി ഉപയോഗിച്ചുവെന്ന് യുഎസ് -ചൈന ഇക്കണോമിക് ആൻഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷൻ (USCC). ഓപ്പറേഷൻ സിന്ദൂറിന് ശേഷമുണ്ടായ നാല് ദിവസത്തെ ഏറ്റുമുട്ടലിനിടെ പാക്കിസ്ഥാൻ സൈന്യം ചൈനീസ് ആയുധങ്ങളെയും ഇന്റലിജൻസിനെയും വളരെയധികം ആശ്രയിച്ചിരുന്നു. ഇന്ത്യയുടെ സൈനിക വിന്യാസങ്ങളെക്കുറിച്ച് ചൈന പാക്കിസ്ഥാന് തത്സമയ വിവരങ്ങൾ നൽകിയിരുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഈ നടപടി ദക്ഷിണേഷ്യൻ മേഖലയിലെ ചൈനയുടെ വർധിച്ചുവരുന്ന സൈനിക സ്വാധീനത്തെക്കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിച്ചു.
HQ-9 എയർ ഡിഫൻസ് സിസ്റ്റം, PL-15 എയർ-ടു-എയർ മിസൈലുകൾ, J-10 യുദ്ധവിമാനങ്ങൾ എന്നിവയുൾപ്പെടെ ചൈനീസ് നിർമ്മിത ആധുനിക ആയുധങ്ങൾ ഈ സംഘർഷത്തിൽ ഉപയോഗിച്ചിരുന്നു. പ്രതിരോധ വ്യവസായ ലക്ഷ്യങ്ങൾക്കായി ചൈന ഈ അവസരം ആയുധങ്ങൾ പരീക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഉപയോഗിച്ചു. സംഘർഷം കഴിഞ്ഞ് തൊട്ടുപിന്നാലെ 40 ജെ-35 അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ, കെജെ-500 വിമാനങ്ങൾ ഉൾപ്പെടുന്ന ഒരു പുതിയ പ്രതിരോധ പാക്കേജ് ചൈന പാക്കിസ്ഥാന് വാഗ്ദാനം ചെയ്തിരുന്നു.

ആഗോള ആയുധ വിപണിയിൽ ചൈന തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതായും റിപ്പോർട്ടിലുണ്ട്. ഫ്രഞ്ച് റഫാൽ ജെറ്റുകളുടെ വിൽപ്പന തകർക്കാൻ, ചൈനീസ് പിന്തുണയോടെ പാക്കിസ്ഥാൻ തകർത്ത ഇന്ത്യൻ വിമാനങ്ങളുടെ ‘അവശിഷ്ടങ്ങൾ’ എന്ന പേരിൽ വ്യാജ AI ഗെയിം ഇമേജുകൾ പ്രചരിപ്പിച്ചു. ചൈന ഈ സംഘർഷം അവരുടെ വാണിജ്യ സൈനിക ലക്ഷ്യങ്ങൾക്കായി ഉപയോഗിച്ചുവെന്നാണ് റിപ്പോർട്ട് കണ്ടെത്തൽ.
