റെജൈന : പ്രോപ്പർട്ടി ടാക്സ് വർധിക്കുമെന്ന ആശങ്കയിൽ പ്രവിശ്യയിലെ പ്രധാന നഗരങ്ങൾ. ആദ്യ രണ്ട് വർഷത്തെ ബജറ്റ് ചർച്ചകൾക്ക് ഒരുങ്ങുമ്പോൾ, അടുത്ത വർഷം 7.43 ശതമാനവും 2027-ൽ 5.92 ശതമാനവും നികുതി വർധിപ്പിക്കാനാണ് പ്രാഥമിക പദ്ധതിയെന്ന് സാസ്കറ്റൂൺ മേയർ സിന്തിയ ബ്ലോക്ക് പറഞ്ഞു. അതേസമയം, നികുതി കുറയ്ക്കുന്നതിനായി 108 മാർഗ്ഗങ്ങൾ സിറ്റി പരിഗണിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ഇതിൽ കമ്മ്യൂണിറ്റി സെന്ററുകളിലെ ഫീസ് വർധന, ബസ് സർവീസ് കുറയ്ക്കുക, 60 വർഷം പഴക്കമുള്ള ജോർജ് വാർഡ് പൂൾ അടച്ചുപൂട്ടുക തുടങ്ങിയ തീരുമാനങ്ങൾ ഉൾപ്പെടുന്നു. പ്രോപ്പർട്ടി ടാക്സ് എന്ന കാലഹരണപ്പെട്ട രീതിയിൽ നിന്നും മാറി നഗരങ്ങൾക്ക് പണം കണ്ടെത്താൻ പുതിയ മാർഗ്ഗങ്ങൾ വേണമെന്നും സാസ്കറ്റൂൺ മേയർ അഭിപ്രായപ്പെട്ടു.

എന്നാൽ, റെജൈനയിലെ സ്ഥിതി ഇതിലും മോശമാണ്. നിലവിലുള്ള സേവനങ്ങൾ നിലനിർത്താൻ വേണ്ടി മാത്രം അടുത്ത വർഷം 15.69% പ്രോപ്പർട്ടി ടാക്സ് വർധിപ്പിക്കാനാണ് റെജൈനയിലെ അധികൃതരുടെ നിർദ്ദേശം. നഗരങ്ങളിലെ വർധിച്ചുവരുന്ന പണപ്പെരുപ്പം കാരണം അടിസ്ഥാന സൗകര്യങ്ങൾ നിലനിർത്താൻ പോലും മുനിസിപ്പാലിറ്റികൾ ബുദ്ധിമുട്ടുന്നതിന്റെ സൂചനയാണിത്. പ്രോപ്പർട്ടി ടാക്സ് വർധന കുറയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഇത് സിറ്റിക്ക് വെല്ലുവിളിയാണെന്ന് പുതിയ റെജൈന മേയർ ചാഡ് ബാച്ചിൻസ്കിയും കൗൺസിലും അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം 8.5% ആയി തുടങ്ങിയ നികുതി വർധന, ചർച്ചകൾക്ക് ശേഷം 7.33% ആയി സിറ്റി കുറച്ചിരുന്നു.
