ടൊറൻ്റോ : പോളാർ വോർട്ടെക്സ് പ്രതിഭാസത്തെ തുടർന്ന് ഈ ആഴ്ച ഒൻ്റാരിയോയിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച രാത്രി മുതൽ തണ്ടർ ബേ, ചാപ്ലിയോ, വാവ, ടിമ്മിൻസ്, മൂസോണി എന്നിവിടങ്ങളിൽ മഞ്ഞുവീഴും. ആകെ 25 മുതൽ 45 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. സുപ്പീരിയർ തടാകത്തിന്‍റെ വടക്കുകിഴക്കൻ മേഖലയിൽ മൊത്തം മഞ്ഞുവീഴ്ചയുടെ അളവ് 50 സെന്റിമീറ്ററിൽ കൂടുതലാകാം. ബുധനാഴ്ചയാണ് ഏറ്റവും ശക്തമായ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നത്.

കനത്ത മഞ്ഞുവീഴ്ചയും ശക്തമായ വടക്കൻ കാറ്റും കാരണം ദൃശ്യപരത പൂജ്യമായി കുറയുമെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. ഇതോടെ യാത്ര അപകടകരമാകുമെന്നും റോഡ് അടച്ചിടൽ സാധ്യമാണെന്നും മുന്നറിയിപ്പിൽ പറയുന്നു. അനാവശ്യ യാത്രകൾ ഒഴിവാക്കണം. കൂടാതെ വീടിനുവെളിയിലുള്ള പ്രവർത്തനങ്ങൾ കുറയ്ക്കുകയും വേണം. ഗതാഗതക്കുരുക്ക്, കനത്ത വൈദ്യുതി തടസ്സം തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്.
