ടൊറൻ്റോ : ഐഎസുമായി ബന്ധപ്പെട്ട തീവ്രവാദ കുറ്റങ്ങൾ ചുമത്തി ഒൻ്റാരിയോയിൽ നിന്നും പ്രായപൂർത്തിയാകാത്ത യുവാവിനെ അറസ്റ്റ് ചെയ്തതായി റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP) റിപ്പോർട്ട് ചെയ്തു. നവംബർ നാലിനാണ് അറസ്റ്റ് നടന്നത്. എന്നാൽ ചൊവ്വാഴ്ചയാണ് ആർസിഎംപി അറസ്റ്റ് പ്രഖ്യാപിച്ചത്. പ്രതിക്കെതിരെ രണ്ട് ഭീകരവാദ കുറ്റങ്ങൾ ചുമത്തിയതായി RCMP വെളിപ്പെടുത്തി. യുവാവ് ഐസിസ് പ്രചാരണ വിഡിയോകൾ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തതായി ആർസിഎംപി പ്രസ്താവനയിൽ പറഞ്ഞു. RCMP, ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്‌മെൻ്റ്, പീൽ പൊലീസ്, ടൊറൻ്റോ പൊലീസ് സർവീസ്, ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് എന്നിവരെല്ലാം അന്വേഷണത്തിൽ പങ്കാളികളായിരുന്നു.

തീവ്രവാദ അക്രമങ്ങളിൽ ഏർപ്പെടുന്ന യുവാക്കളുടെ എണ്ണം വർധിച്ചു വരുന്നതായി കനേഡിയൻ സെക്യൂരിറ്റി ഇന്‍റലിജൻസ് സർവീസ് ഡയറക്ടർ പറയുന്നു. യുവാക്കളെ ആകർഷിക്കാനും അവരെ തീവ്രവാദികളാക്കാനും ആശയവിനിമയം നടത്താനും തീവ്രവാദ ഗ്രൂപ്പുകൾ ഗെയിമിങ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഓഗസ്റ്റിൽ ഐസിസ് ആക്രമണ പദ്ധതിയിട്ട മൺട്രിയോൾ സ്വദേശിയായ യുവാവ് അറസ്റ്റിലായിരുന്നു.
