ഓട്ടവ : 2026 ഫിഫ ലോകകപ്പ് നറുക്കെടുപ്പിൽ പങ്കെടുക്കാൻ അടുത്തയാഴ്ച വാഷിങ്ടൺ ഡിസിയിലേക്ക് പോകുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ 5 ന് കെന്നഡി സെന്‍ററിലാണ് 2026 ഫിഫ ലോകകപ്പ് നറുക്കെടുപ്പ് നടക്കുന്നത്. എന്നാൽ, മുടങ്ങിയ വ്യാപാര ചർച്ചകൾ പുനഃരാരംഭിക്കുമോ എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

ഒൻ്റാരിയോ സർക്കാരിന്‍റെ താരിഫ് വിരുദ്ധ പരസ്യം കാരണം വ്യാപാര ചർച്ച മുടങ്ങിയ ശേഷം ഇതാദ്യമായാണ് അദ്ദേഹം യുഎസിലേക്ക് യാത്ര തിരിക്കുന്നത്. താരിഫുകളുടെ ദോഷവശങ്ങൾ എടുത്തുകാണിക്കാൻ മുൻ യുഎസ് പ്രസിഡൻ്റ് റൊണാൾഡ് റീഗന്‍റെ 1987 ലെ പരാമർശങ്ങൾ ഉപയോഗിച്ചുള്ള ഒൻ്റാരിയോ സർക്കാരിന്‍റെ താരിഫ് വിരുദ്ധ പരസ്യങ്ങൾ കാരണം കഴിഞ്ഞ മാസം കാനഡയുമായുള്ള വ്യാപാര ചർച്ചകൾ ട്രംപ് അവസാനിപ്പിച്ചിരുന്നു.
