വൻകൂവർ : കപ്പലിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ 200 കിലോഗ്രാമിലധികം കൊക്കെയ്ൻ വൻകൂവറിൽ നിന്നും പിടികൂടിയതായി കാനഡ ബോർഡർ സർവീസസ് ഏജൻസി അറിയിച്ചു. സെപ്റ്റംബർ 3 ന് പനാമയിൽ നിന്ന് എത്തിയ കപ്പലിൽ നിന്നാണ് സിബിഎസ്എ ഉദ്യോഗസ്ഥർ മയക്കുമരുന്ന് കണ്ടെത്തിയത്. 78 പാക്കറ്റുകളിലായി ആകെ 204.5 കിലോഗ്രാം ഭാരമുള്ള കൊക്കെയ്‌നാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് കണ്ടെത്താൻ പരിശീലനം ലഭിച്ച നായ്ക്കളുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ചുവന്ന പെയിൻ്റ് നിറച്ച പാത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്ൻ. പിടിച്ചെടുത്ത കൊക്കെയ്ൻ ആർസിഎംപിക്ക് കൈമാറി. കള്ളക്കടത്ത് സംബന്ധിച്ച അന്വേഷണം തുടരുകയാണെന്ന് സിബിഎസ്എ പസഫിക് മേഖല ഡയറക്ടർ നീന പട്ടേൽ അറിയിച്ചു.

സെപ്റ്റംബർ 3-ന് വൻകൂവർ വിമാനത്താവളത്തിൽ നിന്ന് സിബിഎസ്എ ഏജൻ്റുമാർ 560 കിലോഗ്രാം കൊക്കെയ്നും മെത്താംഫെറ്റാമൈനും പിടിച്ചെടുത്തിരുന്നു. ഓസ്ട്രേലിയയിലേക്ക് കയറ്റി അയക്കാനുള്ള കാർ പാർട്‌സുകളുടെ ഷിപ്പ്‌മെൻ്റിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയതെന്ന് ഏജൻസി ഉദ്യോഗസ്ഥർ അറിയിച്ചു. കാർഗോയ്ക്കുള്ളിൽ 319 കിലോഗ്രാം കൊക്കെയ്നും 241 കിലോഗ്രാം മെത്താംഫെറ്റാമൈനുമാണ് പിടികൂടിയത്.
