ഓട്ടവ : കാലാവസ്ഥാ മുന്നറിയിപ്പുകൾക്കായി പുതിയ കളർ-കോഡ് സംവിധാനം അവതരിപ്പിച്ച് ഫെഡറൽ സർക്കാർ. അപകടാവസ്ഥയും നാശനഷ്ടങ്ങളും അനുസരിച്ച് കനേഡിയൻ പൗരന്മാർക്ക് എളുപ്പത്തിൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ മനസ്സിലാക്കാൻ സാധിക്കുന്ന തരത്തിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. കാനഡയിൽ ഇടയ്ക്കിടെ തീവ്രവുമായ കാലാവസ്ഥ അനുഭവിക്കുന്നുണ്ട്. ഇത്തരമൊരു അവസ്ഥയിൽ ജനങ്ങൾക്ക് വ്യക്തവും കൃത്യവും എളുപ്പത്തിൽ മനസ്സിലാക്കാവുന്നതുമായ കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകുക എന്നതാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പരിസ്ഥിതി മന്ത്രി ജൂലി ഡാബ്രൂസിൻ പറഞ്ഞു. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് തണുപ്പേറിയ ശൈത്യകാലമായിരിക്കും ഇത്തവണ കാനഡ നേരിടാൻ പോകുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഠിനമായ ശൈത്യകാലമായതിനാൽ പുതിയ ജാഗ്രതാ സംവിധാനം ആളുകളെ മുൻകൂട്ടി തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ കളർ കോഡ്
ചുവപ്പ് – അപൂർവ്വമായി ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ളത്, നീണ്ടുനിൽക്കുന്നതും വ്യാപകവുമായ ആഘാതവുമായി ബന്ധപ്പെട്ടത്, “വളരെ അപകടകരമായ” ജീവന് ഭീഷണിയാകുന്നതും “അങ്ങേയറ്റം നാശനഷ്ടങ്ങൾക്കും തടസ്സങ്ങൾക്കും കാരണമാകുന്നതുമായ” കാലാവസ്ഥ
ഓറഞ്ച് – അസാധാരണ കാലാവസ്ഥ സമയത്ത് ഉപയോഗിക്കുന്നു. ആഘാതങ്ങൾ “വലുതും വ്യാപകവും/അല്ലെങ്കിൽ കുറച്ച് ദിവസം നീണ്ടുനിൽക്കുന്നതുമായിരിക്കും”, “കാര്യമായ നാശനഷ്ടങ്ങൾ, തടസ്സങ്ങൾ, ആരോഗ്യ പ്രത്യാഘാതങ്ങൾ” ഉണ്ടാക്കാൻ സാധ്യത
മഞ്ഞ – ഏറ്റവും സാധാരണമായ അലേർട്ടുകൾ. മിതമായ, പ്രാദേശികവൽക്കരിച്ച, ഹ്രസ്വകാല ആഘാതങ്ങൾ സൃഷ്ടിക്കുന്ന അപകടകരമായ കാലാവസ്ഥ. ചെറിയ നാശനഷ്ടങ്ങൾ, തടസ്സങ്ങൾ, ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യത
