Wednesday, November 26, 2025

ഫ്രഞ്ച് അംബാസഡർ പദവി: അഭ്യൂഹങ്ങൾ തള്ളി മെലനി ജോളി

ഓട്ടവ : ഫെഡറൽ രാഷ്ട്രീയം ഉപേക്ഷിച്ച് ഫ്രഞ്ച് അംബാസഡർ പദവി സ്വീകരിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി വ്യവസായ മന്ത്രി മെലനി ജോളി. ജോളിയെ ഫ്രാൻസിലേക്കുള്ള കാനഡയുടെ അംബാസഡറായി നിയമിക്കുമെന്ന് കാനഡയിലെ പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. വ്യാപാര സംഘർഷങ്ങളുടെ സമയത്ത് കാനഡയ്ക്കായി പോരാടുകയാണ് തന്‍റെ ലക്ഷ്യമെന്ന് ജപ്പാനിലെ ടോക്കിയോയിൽ നിന്നും അവർ പ്രതികരിച്ചു. കാനഡയുടെ പ്രതിരോധ മേഖലയിലേക്ക് നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി അഞ്ച് ദിവസത്തെ ഏഷ്യൻ സന്ദർശനത്തിലാണ് മെലനി ജോളി. മുൻ ലിബറൽ കാബിനറ്റ് മന്ത്രി സ്റ്റീഫൻ ഡിയോണാണ് നിലവിൽ ഫ്രഞ്ച് അംബാസഡർ പദവി വഹിക്കുന്നത്. 2022 ൽ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ് അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്.

അതേസമയം റോഡ്‌സ് ട്രസ്റ്റിന്‍റെ ഭരണനിർവ്വഹണത്തിനായി അടുത്ത വേനൽക്കാലത്ത് പുതിയ സ്ഥാനം ഏറ്റെടുക്കാൻ മുൻ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡിനെ നിയമിച്ച് ഒരു ആഴ്ചയ്ക്കുള്ളിലാണ് മെലനി ജോളിയുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നുവരുന്നത്. അടുത്ത ഫെഡറൽ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും എംപി സ്ഥാനം രാജിവെക്കുമെന്ന് ക്രിസ്റ്റിയ ഫ്രീലാൻഡ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. യുക്രെയ്ൻ പുനർനിർമ്മാണത്തിനായുള്ള കാനഡയുടെ പ്രത്യേക പ്രതിനിധിയായി സേവനമനുഷ്ഠിക്കുന്നതിനായി സെപ്റ്റംബറിൽ ഗതാഗത, ആഭ്യന്തര വ്യാപാര മന്ത്രി എന്ന നിലയിൽ നിന്ന് അവർ രാജിവെച്ചിരുന്നു.

സെപ്റ്റംബറിൽ, ട്രൂഡോയുടെ മുൻ നീതിന്യായ മന്ത്രിയും പ്രധാനമന്ത്രി മാർക്ക് കാർണിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡേവിഡ് ലാമെറ്റിയെ കാനഡയുടെ യുഎൻ അംബാസഡറായി നിയമിച്ചിരുന്നു. നവംബർ 17 ന് അദ്ദേഹം ആ സ്ഥാനം ഏറ്റെടുത്തു. ട്രൂഡോ മന്ത്രിസഭയിലെ രണ്ടു ഉന്നതർ കൂടി നയതന്ത്ര പ്രതിനിധി പദവിലേക്ക് എത്തുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ വർഷം ആദ്യം വരെ പ്രതിരോധ മന്ത്രിയായിരുന്ന ബിൽ ബ്ലെയർ, റാൽഫ് ഗുഡേലിന് പകരം യുണൈറ്റഡ് കിംഗ്ഡത്തിലെ ഹൈക്കമ്മീഷണറായും മുൻ ഊർജ്ജ മന്ത്രി ജോനാഥൻ വിൽക്കിൻസണിന് യൂറോപ്യൻ യൂണിയനിലെ അംബാസഡറായും സ്ഥാനമേൽക്കുമെന്ന് കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇതുവരെ ഈ നിയമനമൊന്നും പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ ഇരുവരും ലിബറൽ പാർലമെൻ്റ് അംഗങ്ങളായി തുടരുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!