മൺട്രിയോൾ : യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നും ആരംഭിക്കുന്ന ശൈത്യകാല കൊടുങ്കാറ്റിനെ തുടർന്ന് വരും ദിവസങ്ങളിൽ നോർത്തേൺ ഒൻ്റാരിയോയിലും നോർത്തേൺ കെബെക്കിലും കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഈ മേഖലയിൽ യാത്ര അപകടകരമാകുമെന്നും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വടക്കുകിഴക്കൻ ഒൻ്റാരിയോയിൽ 30 മുതൽ 60 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. വടക്കുപടിഞ്ഞാറൻ ഒൻ്റാരിയോയിൽ 10-20 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയും കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. ഈറി ലേക്കിലും ഒൻ്റാരിയോ ലേക്കിന്‍റെ വടക്കുകിഴക്കൻ തീരത്തും മണിക്കൂറിൽ 90 കിലോമീറ്റർ വരെ ശക്തമായ കാറ്റ് ഉണ്ടാകും. ഗ്രേറ്റർ ടൊറൻ്റോ മേഖലയിൽ വെള്ളിയാഴ്ച രാവിലെ വരെ മണിക്കൂറിൽ 80 കിലോമീറ്റർ വരെ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. അതേസമയം മൺട്രിയോൾ മേഖല ഉൾപ്പെടെ തെക്കൻ കെബെക്കിൽ നിലവിൽ മുന്നറിയിപ്പൊന്നും നൽകിയിട്ടില്ല.
