ടൊറൻ്റോ : ഒൻ്റാരിയോയിൽ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന കനത്ത മഞ്ഞുവീഴ്ചയ്ക്ക് ഒരുങ്ങുമ്പോൾ ഇന്ന് ടൊറൻ്റോയിലും ജിടിഎയിലും ശക്തമായ കാറ്റ് വീശുമെന്ന് എൻവയൺമെൻ്റ് കാനഡയുടെ മുന്നറിയിപ്പ്. ടൊറൻ്റോയിലും മിസ്സിസാഗ, ബ്രാംപ്ടൺ, ഓക്ക്വിൽ, ബർലിംഗ്ടൺ, ഹാമിൽട്ടൺ എന്നിവയുൾപ്പെടെയുള്ള ജിടിഎയിലും ബുധനാഴ്ച വൈകുന്നേരം മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശും.

ഇന്ന് രാവിലെ ടൊറൻ്റോയിൽ കനത്ത മൂടൽമഞ്ഞ് നിറഞ്ഞതോടെ ദൃശ്യപരത പൂജ്യമായി കുറഞ്ഞിരുന്നു. മൂടൽമഞ്ഞ് ക്രമേണ നേർത്തുവരുന്നതുവരെ വാഹനങ്ങൾ വേഗം കുറച്ച് സഞ്ചരിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ടൊറൻ്റോയിലെ പകൽ സമയത്തെ ഉയർന്ന താപനില ബുധനാഴ്ച 11°C ൽ എത്തും. തുടർന്ന് വൈകുന്നേരത്തോടെ 3°C ആയി കുറയും.

അതേസമയം ബുധനാഴ്ച രാവിലെ മുതൽ, ലേക്ക് സുപ്പീരിയർ പാർക്ക്, തണ്ടർ ബേ, കിർക്ക്ലാൻഡ് ലേക്ക്, മൂസോണി, ടിമ്മിൻസ്, വാവ എന്നിവയുൾപ്പെടെ പ്രവിശ്യയിലുടനീളം നിരവധി പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതായി എൻവയൺമെൻ്റ് കാനഡ റിപ്പോർട്ട് ചെയ്തു. ബാരി, ബ്രൂസ് പെനിൻസുല, ഗോഡെറിച്ച്, ഇന്നിസ്ഫിൽ, കിച്ചനർ, വാട്ടർലൂ, ഓറഞ്ച്വിൽ, ഒറിലിയ തുടങ്ങിയ പ്രദേശങ്ങളിലും മഞ്ഞുവീഴ്ച സാധ്യമാണ്. ചില പ്രദേശങ്ങളിൽ 30 സെന്റീമീറ്ററിൽ കൂടുതൽ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്.
