ഓട്ടവ: കുട്ടികൾക്കായി AI സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന കളിപ്പാട്ടങ്ങൾ വാങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് കാനഡയിലെ വിദഗ്ധർ. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിക്കുന്ന ഈ കളിപ്പാട്ടങ്ങൾക്ക് സംസാരിക്കാനും ഒരു സുഹൃത്തിനെപ്പോലെ സംവദിക്കാനും കഴിയും. ഈ കളിപ്പാട്ടങ്ങൾ വിനോദകരവും വിദ്യാഭ്യാസപരവുമാണെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നതെങ്കിലും, ഇവ കുട്ടികളുടെ സർഗ്ഗാത്മകതയ്ക്ക് ദോഷകരമായേക്കാം എന്നാണ് വിദഗ്ധർ പറയുന്നത്.
ചൈൽഡ് സൈക്കോളജിസ്റ്റ് ഡോ. നിക്കോൾ റാസിൻ പറയുന്നതനുസരിച്ച്, ചെറിയ കുട്ടികളുടെ മസ്തിഷ്കം വളരെയധികം വിവരങ്ങൾ ആഗിരണം ചെയ്യുന്നുണ്ട്. അതിനാൽ, AI കളിപ്പാട്ടങ്ങൾ അവരുടെ വികാസത്തിന് അനുയോജ്യമായിരിക്കില്ല. സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ കുട്ടികൾ പഠിക്കേണ്ടതുണ്ടെന്നും എന്നാൽ AI കളിപ്പാട്ടങ്ങൾ അത് പഠിപ്പിക്കുന്നില്ലെന്നും സൈക്യാട്രിസ്റ്റ് ഡോ. ഡാനിയേല ലോബോയും പറയുന്നു. യുഎസിലെ ‘ഫെയർപ്ലേ’ എന്ന സംഘടനയും ഈ കളിപ്പാട്ടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തങ്ങൾ സ്വകാര്യതാ നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും സെൻസിറ്റീവായ വ്യക്തിഗത വിവരങ്ങൾ ശേഖരിച്ച് സൂക്ഷിക്കുന്നില്ലെന്നും ചില കമ്പനികൾ അവകാശപ്പെടുന്നുണ്ട്. എങ്കിലും, ഈ കളിപ്പാട്ടങ്ങൾ കുട്ടികളിൽ നിന്ന് സ്വകാര്യ ഡാറ്റ ശേഖരിക്കുന്നുണ്ടോ എന്നും, അത് കുടുംബങ്ങളുടെ സ്വകാര്യതയെ ബാധിക്കുമോ എന്നും വിദഗ്ദ്ധർ ആശങ്കപ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന വിശ്വസനീയമായ ബ്രാൻഡുകളിൽ നിന്ന് മാത്രം കളിപ്പാട്ടങ്ങൾ വാങ്ങാനാണ് കാനഡ ടോയ് അസോസിയേഷൻ നിർദ്ദേശിക്കുന്നത്. കളിപ്പാട്ടങ്ങളിലും മറ്റും AI എങ്ങനെ ഉപയോഗിക്കുന്നു എന്ന് ഫെഡറൽ സർക്കാർ നിരീക്ഷിക്കുന്നുണ്ട്. കളിപ്പാട്ടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം ഹെൽത്ത് കാനഡയ്ക്കാണ്. എന്നാൽ AI കളിപ്പാട്ടങ്ങളെക്കുറിച്ച് അവർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
