വിനിപെഗ് : അന്താരാഷ്ട്ര വനിതാ അതിക്രമ നിർമ്മാർജ്ജന ദിനത്തിൽ, സ്ത്രീകളോടുള്ള അതിക്രമങ്ങൾ തടയുന്നതിനായി ധനസഹായം പ്രഖ്യാപിച്ച് മാനിറ്റോബ സർക്കാർ. ഫെഡറൽ സർക്കാരുമായി ചേർന്നുള്ള, ആകെ 1.25 കോടി വരുന്ന ഫണ്ടിങ്ങിൻ്റെ ഭാഗമായി, ഇതിലേക്ക് 60 ലക്ഷം ഡോളർ അനുവദിക്കാനാണ് പദ്ധതി. അതിക്രമങ്ങൾക്ക് ഇരയായവരെ സഹായിക്കുന്നതിനും വിദ്യാഭ്യാസം നൽകുന്നതിനുമായി 32 കമ്മ്യൂണിറ്റി സംഘടനകളെ പിന്തുണയ്ക്കാൻ ഈ ഫണ്ട് ഉപയോഗപ്പെടുത്തും.

അതേസമയം, പുരുഷന്മാരുടെ ഭാഗത്തുനിന്നുള്ള അതിക്രമങ്ങൾ പകർച്ചവ്യാധികളാണെന്ന് ജെൻഡർ ഇക്വാലിറ്റി മന്ത്രി നഹാനി ഫോണ്ടെയ്ൻ വിശേഷിപ്പിച്ചു. അതിക്രമങ്ങൾ അവസാനിപ്പിക്കേണ്ടത് പുരുഷന്മാരുടെ ഉത്തരവാദിത്തമാണെന്നും അവർ കൂട്ടിച്ചേർത്തു. അതിജീവിച്ചവർക്ക് ഏറ്റവും അത്യാവശ്യമായത് പാർപ്പിടമാണ്. വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കാൻ കഴിയാത്തതിനെ തുടർന്ന് അപകടകരമായ സാഹചര്യങ്ങളിൽ തുടരുന്നവരെ സഹായിക്കാൻ, വളർത്തുമൃഗങ്ങളെ അനുവദിക്കുന്ന ഷെൽട്ടറുകൾ നിർമ്മിക്കാനുള്ള നിർദ്ദേശങ്ങളും പരിഗണനയിലാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. അടുത്ത ആറ് വർഷത്തേക്കുള്ള 3.7 കോടി ഡോളർ വരുന്ന ഫെഡറൽ ഫണ്ടിങ് ഇതുവരെ ഉറപ്പായിട്ടില്ലെന്നും, അത് ലഭിക്കാതെ വന്നാൽ സേവനങ്ങൾ താളം തെറ്റാൻ സാധ്യതയുണ്ടെന്നും പ്രവിശ്യ മുന്നറിയിപ്പ് നൽകി.
