ഹാലിഫാക്സ് : അടുത്ത പ്രവിശ്യാ തിരഞ്ഞെടുപ്പിലും മത്സരരംഗത്തുണ്ടാകുമെന്ന് നോവസ്കോഷ പ്രീമിയർ ടിം ഹ്യൂസ്റ്റൺ. കഴിഞ്ഞ പ്രവിശ്യാ തിരഞ്ഞെടുപ്പിൽ പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടിയുടെ വൻ വിജയത്തിന്‍റെ വാർഷികാഘോഷത്തിൽ നടത്തിയ പ്രസംഗത്തിനിടെയാണ് ഹ്യൂസ്റ്റൺ ഈ പ്രഖ്യാപനം നടത്തിയത്. 2024 നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ, നിയമസഭയിലെ 55 സീറ്റുകളിൽ 43 എണ്ണം നേടി പാർട്ടി ഉജ്ജ്വല വിജയമാണ് കരസ്ഥമാക്കിയത്. 2021-ലാണ് ആദ്യമായി ടിം ഹ്യൂസ്റ്റൺ നോവസ്കോഷ പ്രീമിയറായി ചുമതലയേൽക്കുന്നത്.

മൂന്നാം തവണയും മത്സരിക്കുമെന്ന പ്രഖ്യാപനത്തോടെ ഹ്യൂസ്റ്റൺ ഫെഡറൽ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന അഭ്യൂഹങ്ങൾക്കും വിരാമമായി. ഫ്രഞ്ച് ഭാഷയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് ഫ്രഞ്ച് ഭാഷ പഠിക്കുകയാണെന്ന് പ്രീമിയർ പറഞ്ഞതോടെ ഈയൊരു ചോദ്യം ഉയർന്നിരുന്നു.
