ടൊറൻ്റോ : ഒൻ്റാരിയോ, കെബെക്ക് പ്രവിശ്യകളിൽ ഭൂചലന മുന്നറിയിപ്പ് സംവിധാനം പ്രവർത്തനക്ഷമമാക്കി ഫെഡറൽ സർക്കാർ. ഇതിനായി ഇരുപ്രവിശ്യകളിലും ഇരുന്നൂറിലധികം സെൻസറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഫെഡറൽ സർക്കാർ അറിയിച്ചു. ഇതിലൂടെ ഭൂചലനം ഉണ്ടായാൽ നാഷണൽ പബ്ലിക് അലേർട്ടിങ് സിസ്റ്റം വഴി സ്വയമേവ മുന്നറിയിപ്പ് ലഭിക്കും. അതുവഴി പ്രക്ഷേപകരും വയർലെസ് കാരിയറുകളും ബാധിത പ്രദേശത്തെ ആളുകൾക്ക് അലേർട്ട് നൽകും. ഈ പുതിയ സംവിധാനത്തിലൂടെ ഒൻ്റാരിയോ, കെബെക്ക് പ്രവിശ്യകളിലെ ആളുകൾക്ക് അതിവേഗം സുരക്ഷ ഉറപ്പാക്കാൻ സാധിക്കുമെന്ന് എമർജൻസി മാനേജ്‌മെൻ്റ് മന്ത്രി എലീനർ ഓൾസ്വെസ്കി പറഞ്ഞു. കൂടാതെ ഭൂചലനം ഉണ്ടാകുമ്പോൾ “ഡ്രോപ്പ്, കവർ, ഹോൾഡ് ഓൺ” പ്രോട്ടോക്കോൾ പാലിക്കാൻ അവസരം നൽകുമെന്നും മന്ത്രി അറിയിച്ചു. പ്രകൃതിദുരന്തങ്ങൾ മൂലമുണ്ടാകുന്ന അപകടസാധ്യതകൾ കുറയ്ക്കുകയും ചെയ്യും.

ശക്തമായ ഭൂചലനം ഉണ്ടാകുന്നതിന് മുമ്പ് ട്രെയിനുകൾ നിർത്തുക, പാലങ്ങളിലും തുരങ്കങ്ങളിലും ഗതാഗതം നിയന്ത്രിക്കുക, വാതിലുകൾ തുറക്കുക, അലാറങ്ങൾ മുഴക്കുക തുടങ്ങിയ സംരക്ഷണ നടപടികൾ സ്വയമേവ ആരംഭിക്കാൻ അനുവദിക്കുന്ന വിശദമായ EEW സന്ദേശങ്ങൾ ഇൻഫ്രാസ്ട്രക്ചർ ഓപ്പറേറ്റർമാർക്ക് എത്തിക്കാൻ നാച്ചുറൽ റിസോഴ്‌സസ് കാനഡ പ്രവർത്തിക്കുന്നുണ്ടെന്ന് സർക്കാർ പറഞ്ഞു. രാജ്യത്തെ ഏറ്റവും കൂടുതൽ ഭൂചലന സാധ്യതയുള്ള പ്രദേശങ്ങളാളായ പടിഞ്ഞാറൻ ബ്രിട്ടിഷ് കൊളംബിയ, കിഴക്കൻ ഒൻ്റാരിയോ, കെബെക്ക് എന്നിവിടങ്ങളിൽ ഈ സിസ്റ്റം ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. 2024 മെയ് മുതൽ ബ്രിട്ടീഷ് കൊളംബിയയിൽ EEW സിസ്റ്റം പ്രവർത്തിക്കുന്നു.
