ടൊറൻ്റോ: കാനഡയിലെ പ്രധാന നഗരങ്ങളിൽ പൊതുഗതാഗത സംവിധാനങ്ങളിൽ അക്രമ സംഭവങ്ങൾ വർധിച്ചുവരികയാണെന്ന് റിപ്പോർട്ട്. ബസ്, സബ്വേ, ട്രെയിൻ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായാണ് റിപ്പോർട്ട്.
യാത്രക്കാർക്കും ജീവനക്കാർക്കുമെതിരായ ആക്രമണങ്ങളും മറ്റും കഴിഞ്ഞ കുറച്ചുവർഷങ്ങളായി കുത്തനെ ഉയരുകയാണ്. കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറൻ്റോ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇത് ജനങ്ങൾക്കിടയിൽ സുരക്ഷാ ആശങ്കകൾ വർധിപ്പിക്കുന്നുമുണ്ട്. പൊതുഗതാഗതം ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ അടിയന്തര നടപടികൾ വേണമെന്ന ആവശ്യവും ശക്തമാവുകയാണ്.

പൊതുഗതാഗത സംവിധാനങ്ങളിലെ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിന് പിന്നിൽ സാമൂഹിക പ്രശ്നങ്ങൾ ഉൾപ്പടെയുള്ള മറ്റ് കാരണങ്ങളുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഭവനരഹിതരുടെ എണ്ണത്തിലെ വർധന, മാനസികാരോഗ്യ പ്രശ്നങ്ങൾ, വർധിച്ചുവരുന്ന ലഹരി ഉപയോഗം എന്നിവ ഇതിന് ആക്കം കൂട്ടിയേക്കാം. സുരക്ഷ ഉറപ്പാക്കാനായി പൊലീസ് നിരീക്ഷണം വർധിപ്പിക്കുക, കൂടുതൽ ട്രാൻസിറ്റ് സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുക, ദുർബലരായ ആളുകൾക്ക് സാമൂഹിക പിന്തുണ നൽകുക തുടങ്ങിയ പ്രതിവിധികൾ നഗര ഭരണകൂടങ്ങൾ പരിഗണിക്കുന്നുണ്ട്.
