കിച്ചനർ : കൂടുതൽ തൊഴിലവസരങ്ങളും വ്യവസായങ്ങളും കൊണ്ടുവരുന്നതിനായുള്ള പുതിയ വ്യവസായ പാർക്കിന്റെ നിർമ്മാണം വാട്ടർലൂ നോർത്തിൽ പുരോഗമിക്കുന്നു. നോർത്ത്ഫീൽഡ് ഡ്രൈവ് ഈസ്റ്റിൽ (325 Northfield Drive East) സ്ഥിതി ചെയ്യുന്ന ഈ സംയുക്ത പദ്ധതിയുടെ ഔദ്യോഗിക ശിലാസ്ഥാപനം ബുധനാഴ്ച നടന്നു. 5 കോടി ഡോളർ ചെലവിലാണ് വ്യവസായ പാർക്ക് ഒരുങ്ങുക. വാട്ടർലൂ ആസ്ഥാനമായുള്ള പെരിമീറ്റർ ഡെവലപ്മെൻ്റ് ഗ്രൂപ്പ് ഇൻക്., ഗ്വൽഫ് ആസ്ഥാനമായുള്ള സ്കൈലൈൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നിവ ചേർന്നാണ് പദ്ധതിക്ക് രൂപം നൽകുന്നത്.

2.4 ലക്ഷം ചതുരശ്ര അടിയിൽ രണ്ട് കെട്ടിടങ്ങളായാണ് വ്യവസായ സമുച്ചയം പണികഴിപ്പിക്കുക. നെറ്റ്-സീറോ റെഡി (Net-Zero Ready) നിലവാരത്തിൽ, ചെറുതും ഇടത്തരവുമായ വ്യവസായ സ്ഥാപനങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് ഇതിൻ്റെ നിർമ്മാണം. 2026 അവസാനത്തോടെ വ്യാപാരികൾക്ക് പുതിയ കെട്ടിടങ്ങളിലേക്ക് മാറാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ വ്യവസായ കേന്ദ്രം വാട്ടർലൂവിൻ്റെ വളർച്ചയെ പിന്തുണയ്ക്കുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് മേയർ ഡൊറോത്തി മക്കേബ് അഭിപ്രായപ്പെട്ടു.
