ഓട്ടവ: ശസ്ത്രക്രിയയ്ക്ക് ശേഷം നിരവധി മുതിർന്ന കനേഡിയൻ പൗരന്മാർ സുഖം പ്രാപിക്കാൻ ബുദ്ധിമുട്ടുന്നതായി പുതിയ പഠനം. ഒരു മേജർ സർജറിക്ക് ശേഷം ആറിലൊരാൾക്ക് വൈകല്യങ്ങൾ വരികയോ ജീവൻ നഷ്ടപ്പെടുന്നതായും പഠനത്തിൽ കണ്ടെത്തി. രാജ്യത്തുടനീളമുള്ള ഡോക്ടർമാരുടെ ഒരു സംഘം 65 വയസും അതിൽ കൂടുതലുമുള്ള രണ്ടായിരത്തിത്തിലധികം കനേഡിയൻ വയോജനങ്ങളിലാണ് ഈ പഠനം നടത്തിയത്.

ശസ്ത്രക്രിയാനന്തരമുള്ള പുതിയ വൈകല്യങ്ങൾ കാരണം മുതിർന്ന പൗരന്മാർക്ക് മാനസികാരോഗ്യത്തിൽ കാര്യമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നതായും പഠനം കണ്ടെത്തി. പ്രായമായ രോഗികൾക്ക് ഗുരുതരമായ വിഷാദം ഉണ്ടാകാനുള്ള സാധ്യത ആറ് മടങ്ങ് കൂടുതലാണെന്നും ശസ്ത്രക്രിയ നടത്താനുള്ള തീരുമാനത്തിൽ അവർ പശ്ചാത്തപിക്കാനുള്ള സാധ്യത ഇരട്ടിയിലധികമാണെന്നും പഠനം പറയുന്നു. കൂടാതെ കാനഡയിലെ ശരാശരി മുതിർന്ന പൗരൻ ശസ്ത്രക്രിയയ്ക്ക് മുമ്പുള്ളതുപോലെ സുഖം പ്രാപിക്കാനും പ്രവർത്തിക്കാനും മൂന്ന് മുതൽ ആറ് മാസം വരെ എടുക്കുമെന്നും പഠനം കണ്ടെത്തി.
