ടൊറൻ്റോ : ദിവസേന ലക്ഷക്കണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന ടൊറൻ്റോയിലെ ലൈൻ 1-ൽ സബ്‌വേ സർവീസ് പുനഃരാരംഭിച്ചതായി ടൊറൻ്റോ ട്രാൻസിറ്റ് കമ്മീഷൻ (ടിടിസി) അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം ആറരയോടെ ഷെപ്പേർഡ്-യങ്, എഗ്ലിന്‍റൺ സ്റ്റേഷനുകൾക്കിടയിൽ ട്രാക്കിൽ ആസ്ബറ്റോസ് അടങ്ങിയ ഫയർപ്രൂഫിങ് വസ്തുക്കൾ കണ്ടെത്തിയതിനെത്തുടർന്ന് സർവീസ് നിർത്തിവച്ചിരുന്നു. ജീവനക്കാർ അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും വായു ഗുണനിലവാരം സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ ലാബ് പരിശോധന പൂർത്തിയാക്കുകയും ചെയ്തതോടെ വ്യാഴാഴ്ച രാവിലെ അഞ്ച് മണിക്ക് പതിവ് സർവീസ് പുനഃരാരംഭിച്ചു. അടച്ചിടൽ സമയത്ത് യാത്രക്കാർക്ക് സഹായമായി 80 ഷട്ടിൽ ബസുകൾ സർവീസ് നടത്തിയിരുന്നു.

പതിവായി വായു ഗുണനിലവാര പരിശോധന നടത്തുകയും കാലപ്പഴക്കമുള്ള ആസ്ബറ്റോസ് നീക്കം ചെയ്യാറുണ്ടെന്നും ട്രാൻസിറ്റ് ഏജൻസി പറയുന്നു. 2025 സെപ്റ്റംബർ 26 ന് പൂർത്തിയാക്കിയ ഏറ്റവും പുതിയ പരിശോധനയിൽ സിസ്റ്റത്തിലുടനീളം സുരക്ഷിതമായ വായു ഗുണനിലവാരം സ്ഥിരീകരിച്ചിട്ടുണ്ട്.
