ന്യൂഡൽഹി : രാജ്യത്ത് ഗോൾഡ് ലോൺ (സ്വർണ വായ്പ) വിപണി അതിവേഗ വളർച്ചയുടെ പാതയിലാണ്. സ്വർണവില കുത്തനെ ഉയർന്നതോടെ ഗ്രാമ-നഗര വ്യത്യാസമില്ലാതെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ (NBFCs) പുതിയ ബ്രാഞ്ചുകൾ തുറക്കുന്നതിന്റെ തിരക്കിലാണ്. അടുത്ത 12 മാസത്തിനിടെ മൂവായിരത്തോളം പുതിയ ശാഖകൾ തുറക്കാൻ NBFC-കൾ പദ്ധതിയിടുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. റെക്കോർഡ് സ്വർണ വില, ചെറുകിട വായ്പകൾക്കുള്ള വർധിച്ച ആവശ്യം, അൺസെക്യുവേർഡ് വായ്പകളിലെ കർശന പരിശോധനകൾ എന്നിവയാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണം.

സെപ്റ്റംബർ അവസാനത്തോടെ ഇന്ത്യയിലെ സ്വർണ വായ്പകളുടെ മൂല്യം വാർഷികാടിസ്ഥാനത്തിൽ 36 ശതമാനം വർധിച്ച് 14.5 ലക്ഷം കോടി രൂപയായി. എളുപ്പത്തിലും വേഗത്തിലും സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുമെന്നതാണ് ഗോൾഡ് ലോണിന്റെ ആകർഷണം. കഴിഞ്ഞ വർഷം ചൈനയെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളായി ഇന്ത്യ മാറിയ സാഹചര്യത്തിൽ, കുടുംബങ്ങളിലുള്ള സ്വർണം പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് പണയം വെക്കുന്നത് വർധിച്ചിട്ടുണ്ട്. മുത്തൂറ്റ് ഫിനാൻസ്, ബജാജ് ഫിനാൻസ് തുടങ്ങിയ മുൻനിര NBFC-കൾ ടിയർ-2, ടിയർ-3 നഗരങ്ങളെ ലക്ഷ്യമിട്ടാണ് പുതിയ ബ്രാഞ്ചുകൾ സ്ഥാപിക്കുന്നത്.
മുത്തൂറ്റ് ഫിനാൻസ് 2026 മാർച്ചോടെ 200 ശാഖകളും, ബജാജ് ഫിനാൻസ് 2027 മാർച്ചോടെ 900 ശാഖകളും തുറക്കാൻ ലക്ഷ്യമിടുന്നു. നിലവിൽ സ്വർണ വായ്പകളുടെ കുടിശികയുടെ 80% ദക്ഷിണേന്ത്യയിലാണെങ്കിലും, വായ്പാദാതാക്കൾ ഇപ്പോൾ മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ പടിഞ്ഞാറൻ സംസ്ഥാനങ്ങളെ ലക്ഷ്യമിടുന്നു. വീടുകളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിന്റെ വെറും 5.6 ശതമാനം മാത്രമാണ് ഇതുവരെ സ്വർണ പണയ വായ്പാ സ്ഥാപനങ്ങളിൽ എത്തിയിട്ടുള്ളത്. ഇത് ഗോൾഡ് ലോൺ വിപണിയുടെ ഭാവി വളർച്ചാ സാധ്യതകൾക്ക് വലിയ പ്രതീക്ഷ നൽകുന്നു.
