ടൊറൻ്റോ : കനത്ത മഞ്ഞുവീഴ്ചയിൽ റോഡുകൾ മഞ്ഞ് മൂടിയതോടെ വെള്ളിയാഴ്ച സിംകോ കൗണ്ടിയിലുടനീളം സ്കൂൾ ബസുകൾ വ്യാപകമായി റദ്ദാക്കി. സ്‌കൂളുകൾ തുറന്നിട്ടിട്ടുണ്ടെങ്കിലും, കനത്ത മഞ്ഞുവീഴ്ച തുടരുന്നതിനാൽ പതിവിലും കുറവ് വിദ്യാർത്ഥികളും ജീവനക്കാരും മാത്രമേ ഉണ്ടാകൂ എന്ന് ഉദ്യോഗസ്ഥർ പറയുന്നു.

റോഡുകളുടെ മോശം അവസ്ഥയും ദൃശ്യപരത കുറഞ്ഞതും കാരണം സിംകോ കൗണ്ടിയിലെ വടക്കൻ, മധ്യ, തെക്കൻ മേഖലകളിലേക്ക് സർവീസ് നടത്തുന്ന എല്ലാ ബസുകളും വാനുകളും വെള്ളിയാഴ്ച രാവിലെ നിർത്തിവച്ചു. ബാരി, ഇന്നിസ്ഫിൽ, ആംഗസ്, എൽമ്‌വാൽ, മിഡ്‌ലാൻഡ്, പെനെറ്റാൻഗുയിഷെൻ, ഒറിലിയ, അലിസ്റ്റൺ, ബീറ്റൺ, ബ്രാഡ്‌ഫോർഡ്, കുക്ക്‌സ്‌ടൗൺ, ടോട്ടൻഹാം എന്നിവിടങ്ങളിലേക്കുള്ള ബസുകളും ഇതിൽ ഉൾപ്പെടുന്നു. അതേസമയം മുസ്‌കോക്കയിലേക്കും കോളിങ് വുഡ്, സ്റ്റെയ്‌നർ, വസാഗ ബീച്ച് പ്രദേശങ്ങളിലേക്ക് സ്കൂൾ ബസുകൾ ഓടുന്നുണ്ട്.

ജനങ്ങൾ കഴിയുമെങ്കിൽ വീട്ടിൽ തന്നെ തുടരണമെന്നും കാലാവസ്ഥാ അനുകൂലമാകുന്നത് വരെ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും അടിയന്തര ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. പ്രത്യേകിച്ച് കൊടുങ്കാറ്റ് ഏറ്റവും തീവ്രമാകുന്ന ഗ്രാമപ്രദേശങ്ങളിൽ, ഗതാഗതം, മറ്റു സർവീസുകൾ എന്നിവയിൽ കാലതാമസത്തിനും വൈദ്യുതി അടക്കമുള്ള യൂട്ടിലിറ്റികൾക്ക് തടസ്സമുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
