എഡ്മിന്‍റൻ : വാരാന്ത്യത്തിൽ വാർഷിക പൊതുയോഗത്തിനായി യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ എഡ്മിന്‍റനിൽ ഒത്തുകൂടും. ഇന്നും നാളെയുമായി എഡ്മിന്‍റൻ എക്സ്പോ സെന്‍ററിൽ നടക്കുന്ന വാർഷിക പൊതുയോഗത്തിൽ നാലായിരത്തോളം പാർട്ടി അംഗങ്ങൾ പങ്കെടുക്കും. ശനിയാഴ്ച രാവിലെ പ്രീമിയർ ഡാനിയേൽ സ്മിത്ത് വാർഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.

വെസ്റ്റ് കോസ്റ്റിലേക്ക് എണ്ണ പൈപ്പ്‌ലൈൻ നിർമ്മിക്കുന്നതിനായുള്ള സുപ്രധാന കരാറിൽ ഫെഡറൽ സർക്കാരുമായി ഡാനിയേൽ സ്മിത്ത് കരാർ ഒപ്പുവെച്ചതിന്‍റെ പശ്ചാത്തലത്തിലാണ് വാർഷിക പൊതുയോഗം നടക്കുന്നത്. ആൽബർട്ട അധ്യാപക സമരം അവസാനിപ്പിക്കുന്നതിനും ട്രാൻസ് വിരുദ്ധ ആരോഗ്യ ബില്ലുകൾ പാസാക്കുന്നതിനും നിയമനിർമ്മാണം ഉപയോഗിച്ചതുൾപ്പെടെ പ്രതിപക്ഷപാർട്ടികളിൽ നിന്നടക്കം വിമർശനം നേരിടുന്നതിനാൽ, സ്മിത്തിനും ഭരണകക്ഷിയായ യുസിപിക്കും കരാർ ഒരാശ്വാസമാണ്.

അതേസമയം വിദ്യാഭ്യാസ മന്ത്രി ഡെമെട്രിയോസ് നിക്കോളൈഡ്‌സും ഹൗസ് സ്പീക്കർ റിക്ക് മക്‌ഐവറും ഉൾപ്പെടെ യുസിപി കോക്കസിലെ 14 എംഎൽഎമാർക്കെതിരെയുള്ള റീകോൾ പെറ്റീഷനുകൾ അംഗീകരിച്ചതായി ഇലക്ഷൻസ് ആൽബർട്ട റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആൽബർട്ടയുടെ റീകോൾ നിയമപ്രകാരം, ഒരു റൈഡിങ്ങിലെ ഏതൊരു പൗരനും അവരുടെ എംഎൽഎ തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടതായി തോന്നിയാൽ അവരുടെ ലെജിസ്ലേറ്റീവ് അംഗത്തെ തിരിച്ചുവിളിക്കുന്നതിനായി ഒപ്പുകൾ ശേഖരിക്കാൻ ആവശ്യപ്പെടാം.
