വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ സറേയിൽ പഞ്ചാബ് ലുധിയാന സ്വദേശിനിയെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃസഹോദരൻ അറസ്റ്റിൽ. ലുധിയാനയിലെ ഗുജ്ജർവാളിൽ നിന്നുള്ള മൻദീപ് കൗർ ഗ്രേവാൾ (30) ആണ് കൊല്ലപ്പെട്ടത്. ഏഴ് മാസം മുമ്പാണ് ലോധിവാൽ സ്വദേശി അൻമോൾജിത് സിങുമായി മൻദീപ് കൗറിന്‍റെ വിവാഹം നടന്നത്.

ആറ് വർഷം മുമ്പ് സ്റ്റുഡൻ്റ് വീസയിൽ കാനഡയിലെത്തിയ മൻദീപ് കൗർ ഒക്ടോബർ 26 ന്, ഹൈവേ 17 ലെ 7000 ബ്ലോക്കിൽ നടന്ന വാഹനാപകടത്തിലാണ് കൊല്ലപ്പെട്ടത്. സംഭവം അപകടമാണെന്ന് ആദ്യം സംശയിച്ചിരുന്നെങ്കിലും, തുടരന്വേഷണത്തിൽ കൊലപാതകമാണെന്ന് കണ്ടെത്തി. കൂടുതൽ അന്വേഷണത്തിന് ശേഷം, നവംബർ 6 ന്, മൻദീപിന്‍റെ ഭർത്താവ് അൻമോൾജിത് സിങിന്‍റെ ഇളയ സഹോദരൻ ഗുർജോത് സിങ് ഖൈറയെ ഡെൽറ്റ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം, കൂടാതെ മൃതദേഹത്തോട് അനാദരവ് കാണിച്ചതിനുമാണ് (Indignity to Human Remains) ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഖൈര ഇപ്പോഴും പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. ഡിസംബർ 11 ന് കോടതിയിൽ ഹാജരാകാൻ സാധ്യതയുണ്ട്.
