ടൊറൻ്റോ : പുതുവർഷത്തിൽ ഒൻ്റാരിയോ 407 ETR ടോൾ ഹൈവേയിലൂടെ സഞ്ചരിക്കുന്നവർ കൂടുതൽ പണം കൈവശം കരുതണം. 2026 ജനുവരി 1 മുതൽ തിരക്കുള്ള സമയങ്ങളിൽ ഹൈവേ 407 ETR-ൽ പുതിയ ടോൾ നിരക്ക് പ്രാബല്യത്തിൽ വരും. ഏറ്റവും തിരക്കേറിയ രാവിലെയും ഉച്ചയ്ക്കും ഹൈവേ 407 ETR -ൽ ടോൾ നിരക്കുകൾ ഉയരും. ഓരോ ആഴ്ചയും മുപ്പത് ലക്ഷത്തിലധികം ആളുകൾ ഹൈവേ 407 ETR ഉപയോഗിക്കുന്നുണ്ട്.

തിരക്കുള്ള സമയത്ത് കുറഞ്ഞ ഗതാഗതമുള്ള മേഖലകളിൽ ടോൾ നിരക്കിൽ മാറ്റമുണ്ടായിരിക്കില്ല. അതേസമയം ഉച്ചകഴിഞ്ഞ് തിരക്ക് അനുഭവപ്പെടുന്ന സമയത്ത് ലൈറ്റ് വാഹനങ്ങൾക്ക് കിലോമീറ്ററിന് 34 സെൻ്റ് വരെ വർധന ഉണ്ടാകും. ട്രാൻസ്‌പോണ്ടർ ഉപയോഗിക്കുന്ന സാധാരണ ഡ്രൈവർക്ക് ശരാശരി പ്രതിമാസം ഏകദേശം 5 ഡോളർ വർധനയുണ്ടാകും. അതേസമയം, വാർഷിക ട്രാൻസ്‌പോണ്ടർ ലീസ് ഫീസ് 29.50 ഡോളറും നികുതിയും ചേർത്ത് 31.50 ഡോളറുമായിരിക്കും. മറ്റ് വാഹനങ്ങൾക്കും പുതിയ ടോൾ നിരക്കുകളും ഫീസുകളും പ്രാബല്യത്തിൽ വരുമെന്നും അധികൃതർ അറിയിച്ചു. ഇതിൽ മോട്ടോർ സൈക്കിളുകൾ, മീഡിയം വാഹനങ്ങൾ, ഹെവി സിംഗിൾ യൂണിറ്റ് വാഹനങ്ങൾ, ഹെവി മൾട്ടിപ്പിൾ യൂണിറ്റ് വാഹനങ്ങൾ എന്നിവ ഉൾപ്പെടുന്നു.
