ടൊറൻ്റോ : ഒൻ്റാരിയോയിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കുന്ന വിദേശ പൗരന്മാർക്കായി പുതിയ ഇമിഗ്രേഷൻ പാത്ത് വേ ആരംഭിക്കുമെന്ന് ഇമിഗ്രേഷൻ മന്ത്രി ഡേവിഡ് പിച്ചിനി പ്രഖ്യാപിച്ചു. ഒൻ്റാരിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം (OINP) കീഴിലായിരിക്കും പുതിയ ടാലൻ്റ് സ്ട്രീം അവതരിപ്പിക്കുക. ഗവേഷണം, പാചക കല (culinary arts), ഓൻ്റർപ്രണർ തുടങ്ങിയ മേഖലകളിലെ പ്രതിഭകളെ പ്രവിശ്യയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സ്ട്രീമുകൾ അവതരിപ്പിക്കുന്നത്. എന്നാൽ, പുതിയ സ്ട്രീമുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം പുതിയ സ്ട്രീമുകൾ നിലവിൽ വരുന്നതോടെ പ്രവിശ്യയ്ക്ക് ആവശ്യമായ വിദഗ്ധ തൊഴിലാളികളെ കൂടുതൽ എളുപ്പത്തിൽ തിരഞ്ഞെടുക്കാൻ സാധിക്കുമെന്ന് കരുതുന്നു.

പ്രോഗ്രാമിൽ ചട്ടലംഘനങ്ങളും ക്രമക്കേടുകളും തട്ടിപ്പുകളും കണ്ടെത്തിയതിനെ തുടർന്ന് OINP എക്സ്പ്രസ് എൻട്രി സ്കിൽഡ് ട്രേഡ്സ് സ്ട്രീമിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഇതോടെ ഫെഡറൽ നോമിനേഷൻ വിഹിതം പുതിയ സ്ട്രീമിലേക്ക് മാറ്റാൻ സാധിക്കും. 2025-ൽ, OINP-യുടെ നോമിനേഷൻ വിഹിതം വെറും 10,750 ആയി കുറച്ചിരുന്നു. 2025–2027 ഇമിഗ്രേഷൻ ലെവൽസ് പ്ലാനിന്‍റെ ഭാഗമായിട്ടാണ് ഈ മാറ്റം വന്നത്.
