ന്യൂഡല്‍ഹി: റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെയും (ആര്‍കോം) തന്റെയും ബാങ്ക് അക്കൗണ്ടുകള്‍ തട്ടിപ്പ് വിഭാഗത്തില്‍ (Fraud Category) ഉള്‍പ്പെടുത്തിയ എസ്.ബി.ഐ. നടപടിക്കെതിരെ വ്യവസായി അനില്‍ അംബാനി സുപ്രീം കോടതിയെ സമീപിച്ചു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ നല്കിയ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ഈ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് അംബാനി ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

2012 നും 2016 നും ഇടയില്‍ എസ്.ബി.ഐ. അനുവദിച്ച 3600 കോടി രൂപയുടെ വായ്പ, മാനദണ്ഡങ്ങള്‍ ലംഘിച്ച് തിരിമറി നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ വര്‍ഷം ബാങ്ക് അനില്‍ അംബാനിയുടെ അക്കൗണ്ടുകള്‍ തട്ടിപ്പ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്.
ഈ വിഷയത്തില്‍ വിശദീകരണം നല്കാന് തനിക്ക് അവസരം ലഭിച്ചില്ലെന്നും, രേഖകള്‍ കൈമാറാന്‍ എസ്.ബി.ഐ. ആറ് മാസത്തോളം വൈകിയെന്നുമുള്ള അനില്‍ അംബാനിയുടെ വാദങ്ങള്‍ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. അംബാനിയുടെ വാദങ്ങളില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. ഈ സാഹചര്യത്തിലാണ് നിയമപോരാട്ടം തുടരുന്നതിന്റെ ഭാഗമായി അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
