ന്യൂജഴ്സി : കിഴക്കന്‍ അമേരിക്കയിലെ പല മേഖലകളിലും കനത്ത മഞ്ഞുവീഴ്ച നേരിടുന്നതായി കാലാവസ്ഥാ വകുപ്പ്. അയോവയിൽ മഞ്ഞുവീഴ്ചയെ തുടർന്ന് യാത്രതടസ്സം നേരിടുന്നുണ്ട്. അതേസമയം മിസോറിയിൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് ചെറിയ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ന്യൂജഴ്സിയിലെ ചില കൗണ്ടികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂജഴ്സിയിൽ മൂന്നു മുതല്‍ ഏഴ് സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. ഹണ്ടര്‍ഡണ്‍, മോറിസ്, പാസായിക്, സസെക്‌സ്, വാറന്‍ കൗണ്ടികളെ മഞ്ഞുവീഴ്ച കൂടുതല്‍ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ ഡ്രൈവര്‍മാരും ജാഗ്രത പാലിക്കണമെന്നും ഗവര്‍ണര്‍ ഫില്‍ മര്‍ഫി നിർദ്ദേശിച്ചു.

പെൻസിൽവേനിയയിലെ പൊക്കോണോസില്‍ ആറ് സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. ചൊവ്വാഴ്ച വരെ വടക്കുപടിഞ്ഞാറന്‍ ഒഹായോയില്‍ അഞ്ച് സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് ക്ലീവ്ലാന്‍ഡ് നാഷണല്‍ വെതര്‍ സര്‍വീസ് ഓഫീസ് അറിയിച്ചു. അതേസമയം ബഫല്ലോയിലും പരിസര പ്രദേശങ്ങളിലും നാല് സെന്റീമീറ്ററിൽ കൂടുതൽ മഞ്ഞു വീഴുമെന്നാണ് പ്രവചനം. കൂടാതെ മേരിലാന്‍ഡിലെ ചില ഭാഗങ്ങളില്‍ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു.
