ഹാലിഫാക്സ് : യു.എസിന്‍റെ കിഴക്കൻ തീരത്ത് ആരംഭിച്ച ന്യൂനമർദ്ദത്തെ തുടർന്ന് മാരിടൈംസിൽ കനത്ത മഞ്ഞുവീഴ്ച, ശക്തമായ കാറ്റ്, മഞ്ഞുമഴ എന്നിവ പ്രതീക്ഷിക്കുന്നതായി എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. ന്യൂബ്രൺസ്വിക്, പ്രിൻസ് എഡ്വേഡ് ഐലൻഡ്, നോവസ്കോഷ എന്നീ പ്രവിശ്യകളിൽ കനത്ത മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. ന്യൂബ്രൺസ്വിക്കിൽ ചൊവ്വാഴ്ച രാവിലെ മൈനസ് 12 മുതൽ മൈനസ് 17 വരെയായിരിക്കും താപനില. പ്രിൻസ് എഡ്വേഡ് ഐലൻഡിൽ മൈനസ് 6 മുതൽ മൈനസ് 10 വരെയും നോവസ്കോഷയിൽ മൈനസ് 4 മുതൽ മൈനസ് 10 വരെയായിരിക്കും താപനില.

നോവസ്കോഷയിലെ നിരവധി നഗരങ്ങളിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മുതൽ ബുധനാഴ്ച ഉച്ചകഴിഞ്ഞ് വരെ 15 മുതൽ 25 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകാൻ സാധ്യതയുണ്ട്. അതേസമയം യാർമൗത്ത്, ഷെൽബേൺ കൗണ്ടികളിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മുതൽ ബുധനാഴ്ച രാവിലെ വരെ 40 മുതൽ 60 മില്ലിമീറ്റർ വരെ മഴയും പെയ്യും. പ്രിൻസ് എഡ്വേർഡ് ഐലൻഡിലും തെക്കൻ ന്യൂബ്രൺസ്വിക്കിന്‍റെ ചില ഭാഗങ്ങളിലും ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മുതൽ ബുധനാഴ്ച ഉച്ചവരെ 10 മുതൽ 15 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകും.

ബുധനാഴ്ച രാവിലെ മുതൽ ഉച്ചകഴിഞ്ഞ് വരെ മാരിടൈംസിൽ ശക്തമായ കാറ്റ് പ്രതീക്ഷിക്കുന്നു. ന്യൂബ്രൺസ്വിക്കിലെ ബേ ഓഫ് ഫണ്ടി തീരപ്രദേശത്തും, പ്രിൻസ് എഡ്വേർഡ് ഐലൻഡിലും, നോവസ്കോഷയിയിലും മണിക്കൂറിൽ 50 മുതൽ 80 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി.
