ഹാലിഫാക്സ് : സ്ഥിരതാമസത്തിനായി അപേക്ഷിക്കുന്നവർക്കുള്ള തിരഞ്ഞെടുപ്പിൽ മാറ്റങ്ങൾ പ്രഖ്യാപിച്ച് നോവസ്കോഷ സർക്കാർ. എല്ലാ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകളുടെയും പാത പിന്തുടർന്ന് ഇനി മുതൽ ‘എക്സ്പ്രഷൻ ഓഫ് ഇൻ്ററസ്റ്റ്’ (EOI) മോഡൽ വഴിയായിരിക്കും അപേക്ഷകൾ സ്വീകരിക്കുകയെന്ന് നോവസ്കോഷ ഇമിഗ്രേഷൻ വകുപ്പ് അറിയിച്ചു. ഫെഡറൽ സർക്കാർ ഓരോ പ്രവിശ്യകൾക്കുമുള്ള നോമിനേഷൻ വിഹിതം വെട്ടിക്കുറച്ചതോടെയാണ് ‘എക്സ്പ്രഷൻ ഓഫ് ഇൻ്ററസ്റ്റ്’ (EOI) മോഡലിലേക്ക് തിരിഞ്ഞതെന്ന് പ്രവിശ്യാ ഇമിഗ്രേഷൻ വകുപ്പ് പറയുന്നു. ഈ മാറ്റം അനുസരിച്ച് നോവസ്കോഷ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകളിലേക്കും അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാമിലേക്കും സമർപ്പിക്കുന്ന അപേക്ഷകൾ എക്സ്പ്രഷൻ ഓഫ് ഇൻ്ററസ്റ്റ് ആയി കണക്കാക്കും. ഇതോടെ എല്ലാ ഉദ്യോഗാർത്ഥികളുടെയും അപേക്ഷകൾ പ്രോസസ്സ് ചെയ്യുമെന്ന് ഉറപ്പില്ല.

പ്രവിശ്യയുടെ തൊഴിൽ വിപണിയുമായും സാമ്പത്തിക ആവശ്യങ്ങളെയും പരിഗണിച്ചായിരിക്കും ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകുക. ഹെൽത്ത്കെയർ, നിർമ്മാണം, ട്രേഡ്, STEM (Science, Technology, Engineering, and Mathematics) തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യമുള്ളവർക്ക് പുതിയ EOI മോഡലിൽ മുൻഗണന ലഭിക്കുമെന്നും നോവസ്കോഷ സർക്കാർ വ്യക്തമാക്കി.
