റെജൈന : ഐസ് കനം തീരെ കുറഞ്ഞ നിലയിലായതിനാൽ പ്രവിശ്യയിലുടനീളമുള്ള തണുത്തുറഞ്ഞ ജലാശയങ്ങളിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകി സസ്കാച്വാൻ ആർസിഎംപി. പ്രവിശ്യയിലെ കായലുകൾ, നദികൾ, കുളങ്ങൾ, കൃത്രിമ ജലാശയങ്ങൾ എന്നിവയുടെ ഉപരിതലം തണുത്തുറഞ്ഞ നിലയിലാണെങ്കിലും അടിയിൽ ഇപ്പോഴും ചൂടുവെള്ളമാണ്. ഇത് ഉപരിതലത്തിലെ ഐസിനെ ദുർബലമാക്കുകയും ദുരന്തത്തിന് കാരണമാക്കുമെന്നും, അധികൃതർ വിശദീകരിച്ചു.
നിലവിലെ അവസ്ഥയിൽ ഒരാളുടെ ഭാരം പോലും താങ്ങാനുള്ള ശേഷി ഐസിനില്ല. ഐസ് പൊട്ടി ആളുകൾ വെള്ളത്തിൽ വീണാൽ തണുത്ത വെള്ളത്തിൽ നിന്നും പുറത്തുകടക്കുന്നത് എളുപ്പമല്ലെന്നും മരണം വരെ സംഭവിച്ചേക്കാമെന്നും പൊലീസ് പറയുന്നു. വെളുത്തതോ മഞ്ഞോ ആയ ഐസ് ആണ് ഏറ്റവും ദുർബലമായത്. നീല നിറത്തിൽ കാണപ്പെടുന്ന, വ്യക്തമായി കാണാവുന്നതാണ് ഏറ്റവും ശക്തമായ, സുരക്ഷിതമായ ഐസ്.

ജലാശയങ്ങൾക്ക് സമീപം പോകുന്നവർ ചില സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചു.
- ശൈത്യകാല സീസണിന്‍റെ തുടക്കത്തിൽ ഐസിൽ നടക്കുകയോ കളിക്കുകയോ ജോലി ചെയ്യുകയോ വാഹനമോടിക്കുകയോ ചെയ്യരുത്
- ഐസിൽ ഇറങ്ങുന്നവർ പേഴ്‌സണൽ ഫ്ലോട്ടേഷൻ ഉപകരണം (PFD) ഉപയോഗിക്കണം
- സെൽഫ് റെസ്‌ക്യൂ ഐസ് പിക്ക് കൈവശം കരുതണം
- വെള്ളത്തിൽ വീണാൽ, സഹായത്തിനായി വിളിക്കുക
- സ്വയം എഴുന്നേൽക്കാൻ ഐസിൽ അമർത്തരുത്, പകരം തിരശ്ചീനമായി നീന്താൻ ശ്രമിക്കുക
- നേർത്ത ഐസിൽ ആരെങ്കിലും സഹായം അഭ്യർത്ഥിച്ചാൽ 911 എന്ന നമ്പറിൽ വിളിക്കുക
