ടൊറൻ്റോ : കിഴക്കൻ യുഎസിൽ നിന്ന് ആരംഭിച്ച ന്യൂനമർദ്ദത്തെ തുടർന്ന് ടൊറൻ്റോയിൽ ഡിസംബർ ആരംഭിച്ചത് ശൈത്യകാല കൊടുങ്കാറ്റോടെ. തിങ്കളാഴ്ച രാത്രി ആരംഭിച്ച മഞ്ഞുവീഴ്ച ഇന്ന് രാവിലെയും തുടരുമെന്ന് എൻവയൺമെൻ്റ് കാനഡ റിപ്പോർട്ട് ചെയ്തു. ഇന്നലെ തെക്കുപടിഞ്ഞാറൻ ഒൻ്റാരിയോയിലാണ് ആദ്യം മഞ്ഞുവീഴ്ച ആരംഭിച്ചത്. തുടർന്ന് എറി ലേക്കിന്റെ തീരത്ത് നിന്നും നയാഗ്ര, ഹാമിൽട്ടൺ, പടിഞ്ഞാറൻ ഗ്രേറ്റർ ടൊറൻ്റോ (ജിടിഎ) എന്നിവിടങ്ങളിലേക്ക് മഞ്ഞുവീഴ്ച വ്യാപിച്ചു.

തിങ്കളാഴ്ച രാത്രിയിലെ മഞ്ഞുവീഴ്ച ഇന്ന് രാവിലെ വരെ തുടരും. ഏകദേശം 3-5 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. രാവിലെ പത്തോടെ താപനില പരമാവധി പൂജ്യം ഡിഗ്രി സെൽഷ്യസായി ഉയരുമെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. എന്നാൽ, നഗരത്തിലോ പരിസര പ്രദേശങ്ങളിലോ നിലവിൽ കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല.
