എഡ്മിന്‍റൻ : ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തിനെതിരെ റീകോൾ ക്യാംപെയ്ൻ ആരംഭിച്ചു. റീകോൾ പെറ്റിഷൻ നേരിടുന്ന ഏറ്റവും പുതിയ യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടി (യുസിപി) എംഎൽഎയാണ് ഡാനിയേൽ സ്മിത്ത്. ബ്രൂക്സ്–മെഡിസിൻ ഹാറ്റ് റൈഡിങ്ങിലെ പ്രതിനിധിയായ ഡാനിയേൽ സ്മിത്തിനെതിരായ റീകോൾ ഹർജി ഇലക്ഷൻസ് ആൽബർട്ട അംഗീകരിച്ചതായി പെറ്റീഷൻ സംഘാടകർ അറിയിച്ചു. ആൽബർട്ടയുടെ റീകോൾ നിയമപ്രകാരം, ഒരു റൈഡിങ്ങിലെ ഏതൊരു പൗരനും അവരുടെ എംഎൽഎ തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടതായി തോന്നിയാൽ അവരുടെ ലെജിസ്ലേറ്റീവ് അംഗത്തെ തിരിച്ചുവിളിക്കുന്നതിനായി ഒപ്പുകൾ ശേഖരിക്കാൻ ആവശ്യപ്പെടാം.

ഇതോടെ സ്മിത്തിന്‍റെ യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടി കോക്കസിൽ റീകോൾ ഹർജികൾ നേരിടുന്നവരുടെ എണ്ണം 15 ആയി. ഇതിനർത്ഥം നിയമസഭയിലെ 47 യുണൈറ്റഡ് കൺസർവേറ്റീവ് അംഗങ്ങളിൽ ഏകദേശം മൂന്നിലൊന്ന് പേർ തിരിച്ചുവിളിക്കപ്പെടുമെന്നാണ്. കാബിനറ്റ് മന്ത്രിമാരായ സിയർ ടർട്ടൺ, നഥാൻ ന്യൂഡോർഫ്, ജേസൺ സ്റ്റീഫൻ, ജാക്കി ലവ്‌ലി, ഗ്ലെൻ വാൻ ഡിജ്‌കെൻ, രാജൻ സാവ്‌നി, മൈൽസ് മക്‌ഡൗഗൾ, ഡെയ്ൽ നാലി, ആർജെ സിഗുർഡ്‌സൺ, ഡെമെട്രിയോസ് നിക്കോളൈഡ്‌സ്, നോളൻ ഡിക്ക്, ഡെപ്യൂട്ടി സ്പീക്കർ ആഞ്ചല പിറ്റ് എന്നിവർക്കെതിരെയുള്ള ഹർജികൾ ഇലക്ഷൻസ് ആൽബർട്ട അംഗീകരിച്ചിരുന്നു.

റീകോൾ ഹർജി നൽകുമ്പോൾ ഒരു എംഎൽഎയെ തിരിച്ചുവിളിക്കണമെന്നുള്ളതിന്‍റെ കാരണം ഹർജിക്കാരൻ 100 വാക്കുകളിലുള്ള അപേക്ഷയായി സമർപ്പിക്കണം. ഹർജിക്കാരൻ ആ റൈഡിങ്ങിലെ താമസക്കാരനായിരിക്കണം. കൂടാതെ റീകോൾ ഹർജി സമർപ്പിക്കുന്നതിന് 500 ഡോളർ പ്രോസസ്സിങ് ഫീസ് അടയ്ക്കണം. ഒപ്പം 90 ദിവസത്തിനുള്ളിൽ 2023 ലെ തിരഞ്ഞെടുപ്പിൽ റൈഡിങ്ങിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ 60 ശതമാനത്തിന് തുല്യമായ ഒപ്പുകൾ അപേക്ഷകൻ ശേഖരിക്കണം.
