ഓട്ടവ : പുതുവർഷത്തിൽ ഫസ്റ്റ് നേഷൻസ് ശുദ്ധജല നിയമനിർമ്മാണം അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ഓട്ടവയിൽ നടന്ന ഫസ്റ്റ് നേഷൻസ് അസംബ്ലി സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫസ്റ്റ് നേഷൻസിന് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുന്നതിനായി പുതുവർഷാരംഭത്തിൽ ഫെഡറൽ, പ്രൊവിൻഷ്യൽ, ടെറിട്ടോറിയൽ, ഫസ്റ്റ് നേഷൻസ് നേതാക്കളുടെ സംയുക്തയോഗം വിളിച്ചുകൂട്ടുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ആൽബർട്ട, ഒൻ്റാരിയോ സർക്കാരുകളുടെ എതിർപ്പുകളെ മറികടന്ന് ഫസ്റ്റ് നേഷൻസിന് ശുദ്ധമായ കുടിവെള്ള അവകാശം ഉറപ്പാക്കുന്നതിനുള്ള നിയമനിർമ്മാണം വീണ്ടും അവതരിപ്പിക്കുമെന്ന് ജൂലൈയിൽ തദ്ദേശീയ സേവന മന്ത്രി മാൻഡി ഗൾ-മാസ്റ്റി പ്രഖ്യാപിച്ചിരുന്നു.

ഇന്നലെ ആരംഭിച്ച ഫസ്റ്റ് നേഷൻസ് അസംബ്ലി സമ്മേളനത്തിൽ കാർണി മന്ത്രിസഭയിലെ പ്രമുഖർ പങ്കെടുക്കുന്നുണ്ട്. ക്രൗൺ-ഇൻഡിജിനസ് റിലേഷൻസ് മന്ത്രി റെബേക്ക ആൽറ്റി, ധനമന്ത്രി ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്ൻ, ഇൻഡിജിനസ് സർവീസസ് മന്ത്രി മാൻഡി ഗൾ-മാസ്റ്റി, ദേശീയ പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗ്വിൻ്റി, ഊർജ്ജ-പ്രകൃതി വിഭവ മന്ത്രി ടിം ഹോഡ്ജ്സൺ എന്നിവരും പങ്കെടുക്കുന്നുണ്ട്.
