ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. യുഎസ് ഡോളറിനെതിരെ ഇതാദ്യമായി 90 രൂപയെന്ന നിര്‍ണായക നിലവാരം മറികടന്നു. ഡിസംബര്‍ 3, ബുധനാഴ്ച പ്രാരംഭ വ്യാപാരം ആരംഭിച്ചയുടന്‍ രൂപയുടെ മൂല്യം 90.14 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി.
ആഗോള വിപണിയില്‍ യുഎസ് ഡോളറിന്റെ ഡിമാന്‍ഡ് കുത്തനെ ഉയര്‍ന്നത് രൂപയ്ക്ക് സമ്മര്‍ദ്ദമുണ്ടാക്കി. വിപണിയില്‍നിന്ന് വിദേശ സ്ഥാപന നിക്ഷേപകര്‍ (FII) തുടര്‍ച്ചയായി മൂലധനം പിന്‍വലിക്കുന്നത് തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. ഇന്ത്യ-യുഎസ് വ്യാപാര ഇടപാടുകളിലെ അനിശ്ചിതത്വവും രൂപയുടെ മൂല്യത്തെ ബാധിച്ചു. ഊഹക്കച്ചവടക്കാര്‍ തുടര്‍ച്ചയായി ഡോളര്‍ വാങ്ങിക്കൂട്ടുന്നതും രൂപയുടെ മൂല്യത്തകര്ക്ക് കാരണമായി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി രൂപയുടെ മൂല്യത്തില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഡിസംബര്‍ 1, 2025 തിങ്കളാഴ്ച 89.53 രൂപ നിലവാരത്തില്‍ ക്ലോസ് ചെയ്ത ഇന്ത്യന്‍ രൂപ, 8 പൈസയുടെ ഇടിവാണ് അന്നേ ദിവസം രേഖപ്പെടുത്തിയത്. എന്നാല്‍, ഡിസംബര്‍ 2, ചൊവ്വാഴ്ച വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം 89.96 രൂപയിലെത്തി. ഇത് ഒറ്റ ദിവസം കൊണ്ട് 43 പൈസയുടെ വലിയ ഇടിവാണ് സൂചിപ്പിക്കുന്നത്. ഈ തകര്‍ച്ച ഡിസംബര്‍ 3, ബുധനാഴ്ചയും തുടര്‍ന്നു, പ്രാരംഭ വ്യാപാരത്തില്‍ത്തന്നെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയായ 90.14 രേഖപ്പെടുത്തി.
മൂല്യത്തകര്ക്ക് ആശങ്കയുണ്ടാക്കുമ്പോഴും, ഇതിനെ സമ്പദ്വ്യവസ്ഥയ്ക്ക് ഗുണകരമായ ഒന്നായി കണക്കാക്കുന്ന സാമ്പത്തിക വിദഗ്ധരുമുണ്ട്. രൂപയുടെ മൂല്യത്തകര്‍ച്ചയെ ന്യായീകരിച്ച് നീതി ആയോഗ് മുന്‍ വൈസ് ചെയര്മാന് രാജീവ് കുമാര്‍ രംഗത്തെത്തി. കയറ്റുമതി വര്‍ധിപ്പിക്കാനും വിദേശനാണ്യ വരുമാനം കൂട്ടാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും ഇത് സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
