ഹാലിഫാക്സ് : ബുധനാഴ്ച വീശിയടിച്ച ശൈത്യകാല കൊടുങ്കാറ്റ് മാരിടൈംസിലുടനീളം കനത്ത മഞ്ഞുവീഴ്ചയ്ക്കും മഴയ്ക്കും കാരണമായി. ഇതോടെ മേഖലയിലുടനീളം വൈദ്യുതി, ഗതാഗത തടസ്സപ്പെടുകയും സ്കൂളുകൾ റദ്ദാക്കലിലും കലാശിച്ചു. രാവിലെ പത്ത് വരെ, മുപ്പതിനായിരത്തോളം ഉപയോക്താക്കൾ വൈദ്യുത തടസ്സം നേരിടുന്നതായി നോവസ്കോഷ പവർ അറിയിച്ചു. കനത്ത മഞ്ഞുമൂടി കിടക്കുന്നതിനാൽ ചില പ്രദേശങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിൽ കാലതാമസം ഉണ്ടായേക്കാമെന്ന് യൂട്ടിലിറ്റി പറയുന്നു. ന്യൂബ്രൺസ്വിക്കിൽ 1,900 ഉപയോക്താക്കളും പ്രിൻസ് എഡ്വേഡ് ഐലൻഡിൽ 2,600 മാരിടൈം ഇലക്ട്രിക് ഉപയോക്താക്കളും ഇരുട്ടിലാണ്.

നോവസ്കോഷയിലെ ഭൂരിഭാഗം സ്കൂളുകളും അടച്ചിട്ടിരിക്കുകയാണ്. എന്നാൽ, ഹാലിഫാക്സിലോ പ്രവിശ്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളിലോ സ്കൂളുകൾ അടച്ചിട്ടില്ല. ന്യൂബ്രൺസ്വിക്കിൽ, ആംഗ്ലോഫോൺ കിഴക്കൻ, തെക്കൻ ജില്ലകളിലെ എല്ലാ സ്കൂളുകളും അടച്ചിട്ടിരിക്കുന്നു. പ്രിൻസ് എഡ്വേഡ് ഐലൻഡിലെ എല്ലാ സ്കൂളുകളും ഒരു മണിക്കൂർ വൈകിയാണ് തുറന്നത്.

മൂന്ന് മാരിടൈംസ് പ്രവിശ്യകളിലും കനത്ത മഞ്ഞുവീഴ്ചയും ശക്തമായ കാറ്റും തുടരുകയാണ്. നോവസ്കോഷയിലെ ചില ഭാഗങ്ങളിൽ ബുധനാഴ്ച ഉച്ചയോടെ 30 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രവചിക്കുന്നു. വടക്കൻ കെയ്പ് ബ്രെറ്റണിൽ വൈകുന്നേരത്തോടെ 50 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
