സെൻ്റ് ജോൺസ് : ജീവനക്കാരുടെ കുറവിനെ തുടർന്ന് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിലെ ഏറ്റവും തിരക്കേറിയ ചില കോടതികൾ മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടി. സെൻ്റ് ജോൺസിലെ പ്രവിശ്യാ കോടതി ഉൾപ്പെടെ പ്രവിശ്യയിലെ ഏറ്റവും തിരക്കേറിയ മൂന്ന് കോടതികളാണ് അപ്രതീക്ഷിതമായി അടച്ചുപൂട്ടിയത്. ബെയ് വെർട്ടെയിലും പോർട്ട് ഓക്സ് ബാസ്കിലുമുള്ള പ്രവിശ്യയിലെ രണ്ട് ട്രാവലിങ് സർക്യൂട്ട് കോടതികളും താൽക്കാലികമായി അടച്ചവയിൽ ഉൾപ്പെടുന്നു. സെൻ്റ് ജോൺസിലെ പ്രവിശ്യാ കോടതി അടച്ചിടൽ ഡിസംബർ 31 വരെ നീളുമെന്നാണ് സൂചന. ട്രാവലിങ് സർക്യൂട്ട് കോടതികൾ അടച്ചുപൂട്ടിയതോടെ ക്രിമിനൽ കേസ് പ്രതികളും സാക്ഷികളും കൂടുതൽ യാത്ര ചെയ്യേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഷെരീഫ് ഓഫീസർമാരുടെ കുറവാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് ഷെരീഫ് ഓഫീസർമാരെ പ്രതിനിധീകരിക്കുന്ന NAPE യൂണിയൻ പ്രസിഡൻ്റ് ജെറി ഏൾ പറഞ്ഞു. ഷെരീഫ് ഓഫീസർമാരുടെ കുറവ് പ്രവിശ്യയുടെ നീതിന്യായ വ്യവസ്ഥയിൽ വളരെക്കാലമായുള്ള പ്രശ്നമാണെന്നും അദ്ദേഹം പറയുന്നു. 80% ജീവനക്കാർ മാത്രമാണ് നിലവിൽ കോടതികളിൽ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം നീതിന്യായ വ്യവസ്ഥയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് തിങ്കളാഴ്ച പ്രവിശ്യാ കോടതി ചീഫ്, അസോസിയേറ്റ് ചീഫ് ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തിയതായി പ്രവിശ്യാ നീതിന്യായ മന്ത്രി ഹെലൻ കോൺവേ-ഓട്ടൻഹൈമർ പറഞ്ഞു. പ്രതിസന്ധി പരിഹരിക്കുന്നതിന് ജനുവരിയിൽ വീണ്ടും യോഗം ചേരും. ഷെഡ്യൂളിങ്ങിലും കേസ് മാനേജ്മെൻ്റിലും പൂർണ്ണ അധികാരം കോടതിക്കുണ്ടെന്ന് മന്ത്രി ഹെലൻ അറിയിച്ചു.
