ഓട്ടവ : തീപിടിക്കാനും പൊള്ളലേൽക്കാനും സാധ്യതയുള്ളതിനാൽ കാനഡയിൽ ചില ഇയർബഡുകൾ തിരിച്ചുവിളിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു. ജയൻ്റ് ടൈഗർ വഴി വിറ്റഴിച്ച ട്രൂ വയർലെസ് ഇയർബഡുകളാണ് ബാധിച്ച ഉൽപ്പന്നം. ആകെ 16,278 യൂണിറ്റുകൾ കാനഡയിൽ വിറ്റഴിച്ചിട്ടുണ്ട്.

ഈ ഇയർബഡുകളുടെ യുഎസ്ബി ചാർജിങ് കോഡുകൾ മോശമായ വയറിങ് മെറ്റീരിയൽ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഈ കാരണത്താൽ ചാർജിങിനായി പ്ലഗ് ഇൻ ചെയ്യുമ്പോൾ അവ അമിതമായി ചൂടാകുകയും തീപിടിക്കാനും പൊള്ളലേൽക്കാനും കാരണമാകും, ഹെൽത്ത് കാനഡ വ്യക്തമാക്കി. നവംബർ 27 വരെ കാനഡയിൽ ഇത്തരത്തിൽ മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, ഇതുവരെ ആർക്കും പരുക്കേറ്റിട്ടില്ല.

ആളുകൾ ബാധിച്ച ഇയർബഡുകൾ ഉപയോഗിക്കുന്നത് ഉടൻ നിർത്തി ജയൻ്റ് ടൈഗറിൽ തിരികെ നൽകണമെന്ന് ഹെൽത്ത് കാനഡ നിർദ്ദേശിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഉപയോക്താക്കൾക്ക് 1-833-848-4437 എന്ന നമ്പറിലോ customerservice@gianttiger.com എന്ന ഇമെയിൽ വഴിയോ ജയൻ്റ് ടൈഗറുമായി ബന്ധപ്പെടാം.
